ആദ്യ പരാജയത്തിലും തളര്‍ന്നില്ല; ഒടുവില്‍ ശിഖയെ തേടിയെത്തി തിളക്കമാര്‍ന്ന വിജയം

ശിഖ സുരേന്ദ്രന് സന്തോഷത്തിലാണ്. ഒരിക്കല്‍ പരാജയപ്പെട്ടെങ്കിലും വീണ്ടും പോരാടി. ഒടുവില്‍ വിജയം നേടിയെടുത്തു. പരാജയങ്ങളില്‍ മനം നൊന്ത് എല്ലാ പരിശ്രമങ്ങളും അവസാനിപ്പിക്കുന്ന സമൂഹത്തിലെ ഭൂരിഭാഗം വരുന്ന മനുഷ്യര്‍ക്കും ശിഖ ഒരു മാതൃകയാണ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച ശിഖ സുരേന്ദ്രന് എറണാകുളം പുത്തന്‍കുരിശ് സ്വദേശിയാണ്. വീട്ടുകാര്‍ നല്കിയ പ്രോത്സാഹനമാണ് തന്റെ വിജയത്തിന് കാരണമെന്ന് ശിഖ ഒറ്റവാക്കില്‍ പറഞ്ഞ് അവസാനിപ്പിക്കുമ്പോഴും വലിയ നിശ്ചയ ദാര്‍ഢ്യത്തിന്റെ സ്വരമാണ് അത്.
പുത്തന്‍കുരിശ് ചൂണ്ടിയിലെ സാധാരണ കുടുംബത്തിലെ അംഗമാണ് ശിഖ സുരേന്ദ്രന്. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന സുരേന്ദ്രന് രോഗം മൂലം ഇപ്പോള്‍ ജോലിക്ക് പോകുന്നില്ല. അമ്മ സിലോ സ്വകാര്യ കമ്പനിയിലെ ജോലിക്കാരിയാണ്. പഠനത്തിൽ ചെറുപ്പം മുതലേ മികവ് പുലർത്തിയിരുന്ന ശിഖ 97 ശതമാനം മാർക്ക് വാങ്ങിയാണ് പ്ലസ് ടു പാസ്സായത്. പിന്നീട് 89 ശതമാനം മാർക്ക് കരസ്ഥമാക്കി എൻജീനീയറിംഗും പാസ്സായി.
ദില്ലിയിലായിരുന്നു സിവില്‍ സര്‍വ്വീസ് കോച്ചിംഗ് ശിഖ ആരംഭിച്ചത്. കോച്ചിംഗ് ആരംഭിച്ച നാള് മുതലേ ലക്ഷ്യത്തിലെത്താന്‍ കഠിനമായി പ്രയത്നിക്കുകയായിരുന്നു ശിഖ. 2016 ല്‍ ആദ്യ തവണ പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെട്ടു. എന്നാല്‍, ഒരു പരാജയത്തിന് ശിഖയെ തളര്‍ത്താന്‍ സാധിച്ചില്ല. ശിഖ കൂടുതല്‍ തീവ്രമായി പഠിച്ചു. സ്വന്തം ലക്ഷ്യത്തില്‍ നിന്നും പിന്‍വലിയാതെ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുക്കം, ശിഖയെ തേടി ആ സന്തോഷവാര്‍ത്തയെത്തി. ജീവിതത്തില്‍ ഒരു പരാജയം അനുഭവിക്കുമ്പോഴേക്കും ലക്ഷ്യം മറക്കുന്ന എല്ലാവര്ക്കും ശിഖ ഒരു പാഠമാണ്. തോല്‍വിയിലും തളരാതെ മുന്നേറാനുള്ള ഊര്‍ജ്ജമാണ് ശിഖയുടെ നേട്ടം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here