നിരന്തരം കബളിപ്പിക്കപ്പെടുന്ന ബിഹാർ യുവത്വം ഇന്ത്യൻ ജനാധിപത്യത്തോട് പറയുന്നത്; ‘തൊഴിലൊരു തട്ടിപ്പ്, പണമാണ് എല്ലാം!’

ഇന്ത്യൻ സാമൂഹിക ചിത്രത്തിൽ ഉത്തരം കിട്ടാത്തൊരു ചോദ്യമാണ് ബിഹാർ. പരീക്ഷാ ക്രമക്കേടുകൾ നിരന്തരം ആവർത്തിക്കുന്ന, ചോദ്യപ്പേപ്പറുകൾ ചോർത്തപ്പെടുന്ന, തൊഴിലില്ലായ്മയും അക്രമവും കൊടികുത്തി വാഴുന്ന, നിയന്ത്രണാതീതമായ സമരങ്ങളുടെ തീച്ചൂളയായി മാറിയ മറ്റൊരു ഭൂമിക ഇന്ത്യയിൽ ഉണ്ടോയെന്നത് സംശയമാണ്. ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ സിവിൽ സർവീസ് പ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് സംസ്ഥാനത്ത് വലിയ വിവാദമായി മാറിയിരിക്കുകയാണ് ഇപ്പോൾ. ദിവസങ്ങളോളം നിരാഹാര സമരമിരുന്ന ജൻ സുരാജ് പാർട്ടി തലവൻ പ്രശാന്ത് കിഷോർ ഇന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഇടതു പാർട്ടികൾ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു. ലാലു പ്രസാദ് യാദവിന്റെ അനുയായികൾ റോഡ് ഉപരോധിച്ചടക്കം സമരം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനമുന്നയിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും രംഗത്തുണ്ട്.
ദരിദ്രനും കർഷകനും സ്ത്രീകളും യുവാക്കളുമാണ് തന്റെ ജാതി എന്നായിരുന്നു 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചരണ സമയത്ത് പ്രധാനമന്ത്രിയുടെ പ്രസംഗം. അദ്ദേഹത്തിൻ്റെ പാർട്ടിയും മുന്നണിയും ഭരണം പങ്കിടുന്ന ബിഹാറിൽ പക്ഷെ സ്ഥിതി മാറിയിട്ടില്ല. സംസ്ഥാനത്ത് യുവാക്കൾ നേരിടുന്ന നീതി നിഷേധങ്ങളിൽ ഏറ്റവും ഒടുവിലത്തെതാണ് ബീഹാറിൽ ഇപ്പോൾ കത്തിയാളുന്ന പരീക്ഷാ ക്രമക്കേട് വിവാദം. ഇക്കഴിഞ്ഞ ഡിസംബർ 13നാണ് സംസ്ഥാനത്ത് പബ്ലിക് സർവീസ് കമ്മീഷൻ പ്രിലിമിനറി പരീക്ഷകൾ നടത്തിയത്. എന്നാൽ പാറ്റ്നയിലെ കേന്ദ്രത്തിൽ പരീക്ഷ നടന്നില്ല. ചോദ്യപേപ്പർ ചോർന്നുവെന്ന് ആരോപണമുയർന്ന് പ്രതിഷേധത്തിൽ കലാശിച്ചു. ഡിസംബർ 19ന് പുനപരീക്ഷ നടത്തുമെന്ന് അറിയിച്ച സർക്കാർ, സംസ്ഥാനത്തെ ഒരൊറ്റ കേന്ദ്രത്തിൽ മാത്രമേ പരീക്ഷ നടത്തൂവെന്ന് വ്യക്തമാക്കിയതോടെ അത് വലിയ വിവാദമായി സംസ്ഥാന രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയാണ്.
സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് പരിശ്രമിക്കുന്ന പ്രശാന്ത് കിഷോറും വിദ്യാഭ്യാസ വിദഗ്ധരും പ്രതിപക്ഷ പാർട്ടികളും ഒരേ നിലപാടുയർത്തി രംഗത്ത് വന്നതോടെ സംസ്ഥാന രാഷ്ട്രീയം കലങ്ങിമറിയുകയാണ്. നീറ്റ് യുജി പരീക്ഷാ ക്രമക്കേട്, നെറ്റ്-നീറ്റ് പിജി പരീക്ഷ റദ്ദാക്കൽ തുടങ്ങി നിരവധി വിവാദങ്ങളുണ്ടായ 2024 ൽ നിന്ന് 2025 ലേക്ക് എത്തുമ്പോഴും സംസ്ഥാനം ഒന്നും പഠിക്കുകയോ തിരുത്താൻ തയ്യാറാവുകയോ ചെയ്യുന്നില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. സമാനമായ പ്രശ്നങ്ങൾ യു.പി, രാജസ്ഥാൻ, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലും ഉയർന്നിട്ടുണ്ട്. ഇതിനെല്ലാം ശേഷമാണ് കേന്ദ്രം പൊതുപരീക്ഷാ നിയമം 2024 അവതരിപ്പിച്ചത്.
രാജ്യത്തെ അരികുവത്കരിക്കപ്പെട്ട യുവാക്കൾക്ക് സാമൂഹികമായും സാമ്പത്തികമായും മെച്ചപ്പെട്ട ജീവിതമെന്ന പ്രത്യാശ നൽകുന്നതാണ് സർക്കാർ ജോലികളിലേക്കുള്ള പരീക്ഷകൾ. സമ്പന്നനും ദരിദ്രനും തമ്മിലെ അന്തരം നാൾക്കുനാൾ ഉയരുന്ന രാജ്യത്ത് 2014 നും 2022 നും ഇടയിൽ ആകെ അപേക്ഷകരിൽ 0.33 ശതമാനത്തിന് മാത്രമാണ് സർക്കാർ ജോലി നേടാനായത്. അതിനാൽ തന്നെ ഏത് വിധേയനും ജോലിയിൽ കയറിപ്പറ്റുക പലരെയും സംബന്ധിച്ച് പ്രധാന ലക്ഷ്യമായി മാറി.
ബിഹാറിലെ പുതിയ പരീക്ഷാ ക്രമക്കേടിൽ ഗുരുതര ആരോപണമാണ് പ്രശാന്ത് കിഷോർ ഉയർത്തിയത്. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജോലി ഒന്നര കോടി രൂപയ്ക്ക് വിറ്റു എന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. പരീക്ഷാ ക്രമക്കേടിനെതിരെ മൂന്നര ലക്ഷം ഉദ്യോഗാർത്ഥികളാണ് പ്രതിഷേധിക്കുന്നത്. എന്നിട്ടും പുനഃപ്പരീക്ഷ നടത്തിയപ്പോൾ 15000 പേർക്ക് മാത്രമാണ് അവസരം ലഭിച്ചത്. ഉദ്യോഗാർത്ഥികളുടെ ആവശ്യം പൂർണമായി അംഗീകരിക്കും വരെ താൻ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നെങ്കിലും ഇന്ന് രാവിലെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി സമരക്കാരായ ഉദ്യോഗാർത്ഥികളെ നേരിൽ കാണണം, യോജിച്ച സമവായ തീരുമാനം വിഷയത്തിൽ ഉണ്ടാകണമെന്നും പ്രശാന്ത് കിഷോർ പറയുന്നു.
ബിഹാർ പബ്ലിക് സർവീസ് കമ്മീഷനെതിരെ പ്രതിഷേധിക്കുന്ന സമരക്കാർ പാറ്റ്നയിൽ റോഡും ട്രെയിൻ ഗതാഗതവും തടഞ്ഞ് സമരം ചെയ്തിരുന്നു. ഇടത് വിദ്യാർത്ഥി സംഘടനകൾ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇത് പൊലീസുമായുള്ള സംഘർഷത്തിലാണ് കലാശിച്ചത്. അതേസമയം ലാലു പ്രസാദ് യാദവ് അനുയായികളും സമരവുമായി രംഗത്തുണ്ട്. സംസ്ഥാനമാകെ സമരങ്ങൾ ശക്തമാകുമ്പോഴും അധികാര കേന്ദ്രങ്ങൾക്ക് കുലുക്കമില്ലാത്ത സ്ഥിതിയാണ് ബിഹാറിൽ.
Story Highlights : Bihar civil services exam is a tale of the young and the hopeless
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here