Advertisement

കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം; ഹൈറേഞ്ചിലെ ഗോതമ്പ് റോഡിന് ശാപമോക്ഷം

May 1, 2018
1 minute Read

കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം ഹൈറേഞ്ചിലെ കുടിയേറ്റകാല റോഡായ ഗോതമ്പ് റോഡിന് ശാപമോക്ഷം. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടപ്പിലാക്കിയ ‘പണിക്ക് ഭക്ഷണം’ എന്ന പദ്ധതിയില്‍ ഗോതമ്പ് കൂലി നല്‍കി നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തില്‍ നിര്‍മ്മിച്ച റോഡിനാണ് ശാപമോക്ഷമായിരിക്കുന്നത്. വൈദ്യുത വകുപ്പ് മന്ത്രി എം.എം. മണിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപ മുടക്കിയാണ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

1980 കാലഘട്ടത്തിലാണ് ഹൈറേഞ്ചിന്റെ ഉള്‍ഗ്രാമ പ്രദേശമായ ഞെരിപ്പാലം, രാജകുമാരി നോര്‍ത്ത് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് റോഡ് നിര്‍മ്മിക്കുന്നത്. ‘പണിയ്ക്ക് ഭക്ഷണം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിലൂടെയും, വേതനമായ ഗോതമ്പ്  വാങ്ങിയുമാണ് നിര്‍മ്മാണം നടത്തിയത്. അങ്ങനെയാണ് റോഡിന് ‘ഗോതമ്പ് റോഡ്’ എന്ന് പേര് വന്നത്.

നിര്‍മ്മാണം പൂര്‍ത്തിയാക്കി പതിറ്റാണ്ടുകള്‍ക്ക് ശേഷം പഞ്ചായത്ത് ടാറിംഗ് നടത്തിയെങ്കിലും നിലവില്‍ റോഡ് പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. മാത്രമല്ല, റോഡിന്റെ വീതികുറവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ റോഡ് ഗതഗാതയോഗ്യമാക്കുന്നതിനും വീതി കൂട്ടി നിര്‍മ്മിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ജനപ്രതിനിധികളെ സമീപിക്കുകയും തുടര്‍ന്ന് സ്ഥലം എം എല്‍ എയും വൈദ്യുതവകുപ്പ് മന്ത്രിയുമായ എം.എം മണിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപ അനുവദിക്കുകയുമായിരുന്നു. ടെന്റര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top