കുറിഞ്ഞി വസന്തമിങ്ങെത്തി; മുഖം മിനുക്കാതെ മൂന്നാര്‍

മൂന്നാറില്‍ കുറിഞ്ഞിക്കാലം മുന്നില്‍ കണ്ട് പഞ്ചായത്തും ടൂറിസം വകുപ്പും നിരവധിയായ പദ്ധതികള്‍ നടപ്പിലാക്കുമ്പോളും അടിസ്ഥാന വികസനം അകലെ. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളടക്കം ഒരുക്കുവാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. നിലവിലുള്ള കംഫര്‍ട്ട് സ്റ്റേഷനുകള്‍ നവീകരിക്കുന്നതിനും അടഞ്ഞ് കിടക്കുന്നവ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
ദിവസേന ആയിരക്കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന മൂന്നാറില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിലവില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ഹോട്ടലുകളെ ആശ്രയിക്കേണ്ട ഗതികേടാണ്. കുറിഞ്ഞി വസന്തത്തിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഗതാഗതക്കുരുക്കിന് മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്‌ നടത്തുന്നത്. മൂന്നാറില്‍ നിലവില്‍ മൂന്ന് പൊതു ശൗചാലയങ്ങള്‍ പണി കഴിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇവയൊന്നും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. ബസ് സ്റ്റോപ്പിന് സമീപം  പ്രവര്‍ത്തിച്ചിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ പുതുക്കി നിര്‍മ്മിക്കുന്നതിന് വേണ്ടി പൊളിച്ചെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഒരു കംഫര്‍ട്ട് സ്റ്റേഷന്‍ ശോചനീയാവസ്ഥയിലുമാണ്.
നല്ലതണ്ണി റോഡില്‍ പുതിയതായി പൊതു ശൗചാലയം നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും വെള്ളമില്ലാത്തതിനാല്‍ പ്രവര്‍ത്തനം അവതാളത്തിലാണ്. ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും നീലക്കുറിഞ്ഞി വസന്തം എത്തുന്നതിന് മുമ്പ് വേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് പറയുമ്പോളും യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top