നൈജീരിയയിൽ കൂട്ടക്കുരുതി; മരണസംഖ്യ 45 ആയി

വടക്കൻ നൈജീരിയയിലെ കൂട്ടകുരുതിയിൽ മരിച്ചവരുടെ എണ്ണം 45 ആയി. കഡുനയിൽ കുട്ടികൾ ഉൾപ്പെടെയുള്ളവരെയാണ് ആയുധധാരികൾ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയത്. സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ സ്ഥലത്ത് സുരക്ഷ ശക്തമാക്കി.
ബിർനിൻ ഗ്വാരി മേഖലയിലെ ഗ്വാസ്‌ക ഗ്രാമത്തിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവത്തിന് തുടക്കം. ഗ്രാമത്തിലെത്തിയ അക്രമികൾ വീടുകൾക്ക് തീയിടുകയും വെടിയുതിർക്കുകയുമായിരുന്നു. ഓടാൻ ശ്രമിച്ച പലരേയും അക്രമികൾ വെടിവച്ച് വീഴ്ത്തി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെടിവെച്ചും വെട്ടിയുമാണ് ആളുകളെ കൊലപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞമാസം ബിർനിൻ ഗ്വാരി മേഖലയിൽ 14 ഖനിത്തൊഴിലാളികളെ ആയുധധാരികൾ വെടിവച്ചു കൊന്നിരുന്നു. തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സാംഫാര പ്രവിശ്യയുടെ അതിർത്തിയിലുള്ള ഗ്രാമങ്ങളിൽ കൂടുതൽ സുരക്ഷ ഒരുക്കണമെന്നും സർക്കാരിനോട് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here