കർണാടക സർക്കാർ രൂപീകരണം; സുപ്രീംകോടതിയിൽ ഇന്ന് നിർണ്ണായക ദിനം

കർണാടക സർക്കാർ രൂപീകരണം സംബന്ധിച്ച് സുപ്രീം കോടതിയിൽ ഇന്ന് നിർണായക വാദം. ബി എസ് യെദ്യൂരപ്പ സർക്കാരുണ്ടാക്കാൻ അവകാശ വാദം ഉന്നയിച്ച് ഗവർണർക്കയച്ച രണ്ട് കത്തുകൾ കോടതി ഇന്ന് പരിശോധിക്കും. കത്തിലെ അവകാശ വാദം തെറ്റാണെന്ന് കോൺഗ്രസ്സ് ചൂണ്ടിക്കാട്ടും. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അനുവദിക്കണമെന്ന് ബിജെപിയും വാദിക്കും. ഇന്നലെ പുലർച്ച വരെ നീണ്ട നിർണായക വാദം കേൾക്കലിനൊടുവിലാണ് സുപ്രീം കോടതി യെദ്യൂരപ്പയോട് കത്തുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് യദ്യൂരപ്പ ഗവർണർക്ക് നൽകിയില്ലെന്ന് തെളിഞ്ഞാൽ മുഖ്യമന്ത്രി ആയ തീരുമാനം റദ്ദാക്കാനും മടിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് കത്തുകളാണ് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് യെദ്യൂരപ്പ ഗവർണർക്ക് കൈമാറിയിരുന്നത്. ഇവയിൽ ബിജെപിയുടെ 104 എംഎൽഎമാർക്ക് പുറമെ കേവല ഭൂരിപക്ഷം തികക്കാൻ എത്ര എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി പരിശോധിക്കും. ഇവർ ആരൊക്കെയാണെന്നും ആരാഞ്ഞേക്കും. അന്തിമ വിധി സത്യപ്രതിജ്ഞ അടക്കം എല്ലാ നടപടികൾക്കും ബാധകമാണെന്ന് ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബഞ്ച് ഇന്നലെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം കൈക്കൊണ്ട തീരുമാനങ്ങളായ കാർഷിക കടം എഴുതിത്തള്ളൽ, പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, ആംഗ്ലോ ഇന്ത്യൻ എംഎൽഎയുടെ നാമനിർദ്ദേശം തുടങ്ങിയവ നിലനിൽക്കുമോയെന്നും കോടതി വ്യക്തമാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here