‘രാജ്യത്തെ സേവിക്കണമെങ്കില്‍ മോദിജിയെ പോലെ അവിവാഹിതരാകൂ’: വിവാദ പരാമര്‍ശവുമായി ബിജെപി മന്ത്രി

രാഷ്ട്രീയത്തില്‍ ഇറങ്ങി രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിവാഹം കഴിക്കരുതെന്ന് ബിജെപി മന്ത്രിയുടെ പരാമര്‍ശം. വിവാഹം ചെയ്ത് കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചാല്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത് മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയിലെ ഊര്‍ജ്ജ വകുപ്പ് മന്ത്രി പരാസ് ചന്ദ്ര ജെയ്ന്‍ ആണ്. അവിവാഹിതര്‍ മാത്രമാണ് രാഷ്ട്രീയത്തിലേക്ക് എത്തേണ്ടതെന്നും എങ്കില്‍ മാത്രമേ, മോദിജിയെ പോലെ രാജ്യത്തെ സേവിക്കാന്‍ സാധിക്കൂ എന്നും പരാസ് ചന്ദ്ര പറഞ്ഞു. പരാസ് ചന്ദ്രയുടെ പരാമര്‍ശം ഇതിനോടകം വിവാദമായിട്ടുണ്ട്.
വിവാഹിതനായ പരാസ് ചന്ദ്ര ജെയ്ന്‍ സ്വന്തം കുടുംബത്തിന്റെ സ്ഥാപനങ്ങള്‍ക്ക് വഴിവിട്ട് സഹായം നല്‍കിയെന്ന് ആരോപണം നേരിടുന്ന വ്യക്തി കൂടിയാണ്. മധ്യപ്രദേശിലെ ഖാണ്ഡ്വയില്‍ നടന്ന പരിപാടിയിലാണ് അവിവാഹിതര്‍ രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നതിന്റെ ഗുണങ്ങള്‍ അദ്ദേഹം വിവരിച്ചത്. അവിവാഹിതര്‍ക്ക് രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിയുന്നതിന്റെയും രാജ്യത്തെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയിലെത്തിക്കാന്‍ കഴിയുന്നതിന്റെ മികച്ച ഉദാഹരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ഇദ്ദേഹം പറയുന്നു.