കോഴിക്കോട് വൈറസ് ബാധ; കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട് കണ്ടെത്തിയ അപൂര്‍വ വൈറസ് ബാധ പനി കൂടുതല്‍ പേരിലേക്കെന്ന് സൂചന. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറ് പേരെ വൈറസ് ബാധയെന്ന സംശയത്തില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. എട്ട് പേര്‍ ഗുരുതരാവസ്ഥയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. 25 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 25 പേരും നിരീക്ഷണത്തിലാണ്.
പനി പ്രതിരോധിക്കാന്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയിട്ടുണ്ട്. സമാന വൈറസ് ബാധ നാല് പേരിലാണ് കണ്ടെത്തിയത്. വൈറസ് ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് പേര്‍ക്കും ആശുപത്രിയില്‍ കഴിയുന്ന രണ്ട് പേര്‍ക്കും ഒരേ വൈറസ് ബാധയാണെന്ന് ഇതിനോടകം സ്ഥിരീകരിച്ചു. അഞ്ച് പേരുടെ രക്തസാമ്പിളുകള്‍ നിരീക്ഷണത്തിന് അയച്ചിരിക്കുകയാണ്. കോഴിക്കോട് പേരാമ്പ്രയില്‍ അസാധാരണ വൈറസ് ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്.
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ കന്നത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും വിഷയത്തില്‍ നേരിട്ട് ഇടപെട്ടു. കേന്ദ്ര സര്‍ക്കാരിനെ വിവരം അറിയിച്ചിട്ടുള്ളതായി ആരോഗ്യമന്ത്രി അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് മന്ത്രി പറഞ്ഞു.
വവ്വാലുകളില്‍ നിന്നുമാണ് രോഗം പകരുന്നത് എന്നാണ് നിലവിലെ നിഗമനം. അതിനാല്‍ വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ ജാഗ്രത പാലിക്കണം. ഇവ ഭക്ഷിച്ച പഴങ്ങളും ഫലങ്ങളും ഒരു കാരണവശാലും കഴിക്കരുത്. വൈറസിനെക്കുറിച്ചും പനിയെക്കുറിച്ചും സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചരണം നടത്തരുത്. ആരോഗ്യവകുപ്പ് പുറത്തുവിടുന്ന കാര്യങ്ങള്‍ മാത്രം പൊതുജനങ്ങളില്‍ എത്തിച്ചാല്‍ മതിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ട് മൊയ്തു ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം, മറിയത്തിന്റെ ഭര്‍ത്തൃ സഹോദരന്റെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരാണ് മരിച്ചത്. സാലിഹിന്റെ പിതാവ് മൂസ്സ, പ്രതിശ്രുത വധു ആത്തിഫ എന്നിവര്‍ ചികിത്സയിലാണ്. സാബിത്ത് ആദ്യഘട്ടത്തില്‍ ചികിത്സ തേടിയ ആശുപത്രിയിലെ നഴ്സ് ലിനി, സാലിഹിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് അടുത്ത് ഇടപെഴകിയ ബന്ധു നൗഷാദും രോഗലക്ഷണങ്ങളുമായി ചികിത്സയിലാണ്.
തലച്ചോറിനേയും ഹൃദയത്തേയുമാണ് ഈ വൈറസ് ബാധിക്കുന്നത്. പേരാമ്പ്ര ചങ്ങരോത്ത് മരിച്ച എല്ലാവരുടേയും മരണ കാരണം തലച്ചോറിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം നിലച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ ശരീരത്തില്‍ നിന്ന് എടുത്ത സാമ്പിളുകള്‍ മണിപ്പാല്‍ വൈറോളജി ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വായുവിലൂടെ പകരാത്ത ഈ രോഗം ശരീര ദ്രവങ്ങളിലൂടെയാണ് മറ്റുള്ളവരിലേക്ക് പകരുക. വവ്വാലില്‍ നിന്നോ പന്നികളില്‍നിന്നോ ജനിതക വ്യതിയാനം സംഭവിച്ച് മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് രോഗത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. മരിച്ചവരുടെ അടുത്ത ബന്ധുക്കളുടെയും സമീപവാസികളുടെയും രക്തസാമ്പിളുകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഇതിനകം പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here