മധുക്കരയിലെ ഉണ്ണീശോ ഭവൻ ആശ്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം

സീറോ മലബാർ സഭയിൽ നിന്നു പുറത്താക്കപ്പെട്ട കന്യാസ്ത്രീയും ചില വൈദികരും ചേർന്ന് കൊയമ്പത്തൂരിലെ മധുക്കരയിൽ നടത്തുന്ന ഉണ്ണീശോ ഭവൻ ആശ്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം. ആശ്രമത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷിക്കാൻ കോടതി അഡ്വക്കേറ്റ് കമ്മീഷനെ നിയമിച്ചു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നൽകണമെന്ന് നിര്‍ദേശം.
ആശ്രമത്തിൽ ധ്യാനത്തിനു പോയ ശേഷം മടങ്ങാൻ വിസമ്മതിച്ച ഭാര്യയേയും മക്കളേയും കണ്ടെത്തി ഹാജരാക്കണമെന്ന എറണാകുളം ചിറ്റൂർ സ്വദേശിയുടെ ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി പരിഗണിച്ചത്. മധുക്കര എസ്പിയേയും പേരൂർ ഡിവൈഎസ്പിയേയും കേസിൽ കക്ഷി ചേർത്തു. പെൺകുട്ടികൾക്കും മാതാവിനും ഒരു മാസത്തേക്ക് കൗൺസലിംഗ് തുടരാനും അവരെ സദനത്തിൽ ഒരു മാസത്തേക്ക് തുടരാനും കോടതി ഉത്തരവിട്ടു .പെൺകുട്ടികളുടെ പിതാവ് ഒഴികെ മറ്റാരുമായും ബന്ധപ്പെടാൻ പാടില്ല .
പൊലീസ് കണ്ടെത്തിയപ്പോൾ പെൺകുട്ടികൾ സീറോ മലബാർ സഭയിലെ ചിലർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു മൊഴി നൽകിയിരുന്നു. മൊഴികളിൽ വൈരുധ്യമുണ്ടെന്നും വിശ്വസനീയല്ലെന്നും പ്രാഥമിക അന്വേഷണത്തിനു ശേഷം പൊലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ പൊലീസ് നടത്തുന്ന അന്വേഷണവും തുടരും .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here