നിപയെന്ന് സംശയം; മംഗലാപുരത്ത് രണ്ട് പേര്‍ നിരീക്ഷണത്തില്‍; കോട്ടയത്തും കണ്ണൂരിലും ജാഗ്രത

നിപ ബാധയെന്ന സംശയത്തെ തുടര്‍ന്ന് കര്‍ണാടകത്തിലെ മംഗലാപുരത്ത് രണ്ടുപേര്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട്. ഇരുപത് വയസ് പ്രായമുള്ള യുവതിയും എഴുപത്തഞ്ചുകാരനായ പുരുഷനുമാണ് ചികിത്സ തേടിയിരിക്കുന്നത്. ഇവര്‍ കേരളത്തിലെത്തിയിരുന്നതായും നിപ ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായും അധികൃതര്‍ അറിയിച്ചു. ഇരുവരുടെയും രക്തം മണിപ്പാലിലെ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കേരളവുമായി അതിര്‍ത്തി പങ്കിടുന്നവ ഉള്‍പ്പെടെയുള്ള എട്ടു ജില്ലകളില്‍ രോഗബാധയുണ്ടായിട്ടുണ്ടോ എന്നു വ്യക്തമാക്കുന്ന പ്രതിദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, നിപ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ കോട്ടയത്ത് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിവരം. പേരാമ്പ്രയില്‍ നിന്ന് കോട്ടയത്ത് വന്ന ആളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇയാള്‍ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. സ്രവം പരിശോധനയ്ക്കായി അയക്കും. കണ്ണൂര്‍ ജില്ലയിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജാഗ്രത നല്‍കിയിട്ടുണ്ട്.
അതേസമയം, ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപ നിയന്ത്രണവിധേയമാണെന്നും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here