കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം; പാര്‍ട്ടി മുഖപത്രത്തിലും നിശിതമായ വിമര്‍ശനം

Congressw

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നില അത്ര മെച്ചപ്പെട്ടതല്ലെന്ന വിമര്‍ശനം കനക്കുന്നു. നേതാക്കള്‍ക്കിടയിലെ പടലപിണക്കവും ഗ്രൂപ്പ് തര്‍ക്കവും ചെങ്ങന്നൂര്‍ വിധിക്ക് ശേഷം മറനീക്കി പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് പാര്‍ട്ടി മുഖപത്രമായ വീക്ഷണത്തിലും വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ലഭിച്ച അവസരം കളഞ്ഞു കുളിച്ചെന്നാണ് പ്രധാന വിമര്‍ശനം. കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ ബൂത്ത്, മണ്ഡലം കമ്മിറ്റികളും ഇപ്പോള്‍ ജഡാവസ്ഥയിലാണുള്ളതെന്ന് വീക്ഷണം തുറന്നടിച്ചു.

പാർട്ടി പുനഃസംഘടന രാമേശ്വരത്തെ ക്ഷൗരം പോലെ ആയെന്നു പരിഹസിക്കുന്ന മുഖപ്രസംഗം പാർട്ടിയുടെ കീഴ്ഘടകങ്ങൾ പുനഃസംഘടിപ്പിക്കാൻ ഒരു നേതാക്കൾക്കും താത്പര്യമില്ലെന്നും ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്‍റെ നേതൃത്വം ഇനിയെങ്കിലും വിപ്ലവവീര്യമുള്ള യുവതലമുറയ്ക്ക് കൈമാറണമെന്നു പറയുന്ന “വീക്ഷണം’ പാർട്ടിക്കും മുന്നണിക്കും കായചികിത്സ വേണമെന്നും പരിഹസിച്ചു. അണ്ടനും അടകോടനുംവരെ പാർട്ടിയിൽ നേതാക്കളാകുന്നുവെന്നും മുഖപ്രസംഗം നേതാക്കളുടെ പെട്ടി ചുമക്കുന്നവരെ വളർത്തുന്ന രീതി ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

അതേ സമയം, സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതൃത്വം ഉന്നയിച്ചു. സംസ്ഥാന കോണ്‍ഗ്രസില്‍ സമഗ്രമായ പാക്കേജ് അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡിന്റെ അഴിച്ചുപണി നടത്താനാണ് സാധ്യത. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് തുടങ്ങിയവയില്‍ ഉടന്‍ തീരുമാനമെടുത്തേക്കും.

രാജ്യസഭയില്‍ പി.ജെ. കുര്യന്റെ കാലാവധി തീര്‍ന്നിരിക്കുകയാണ്. ഒരു തവണ കൂടി പി.ജെ. കുര്യന് രാജ്യസഭയില്‍ തുടരാന്‍ നേതൃത്വം അവസരം കൊടുത്തേക്കും. എന്നാല്‍, കോണ്‍ഗ്രസിന്റെ യുവജന സംഘടനകള്‍ പി.ജെ. കുര്യന് എതിരാണ്. അതിനാല്‍, പിജെ കുര്യനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്തിക്കാനുള്ള സാധ്യതകളും തള്ളികളയാനാവില്ല. അങ്ങനെയാണെങ്കില്‍, വി.എം. സുധീരന്‍, ഷാനി മോള്‍ ഉസ്മാന്‍, പിസി ചാക്കോ എന്നിവരില്‍ ഒരാളെ രാജ്യസഭയിലേക്ക് പരിഗണിച്ചേക്കും.

കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്കു മുല്ലപ്പള്ളി രാമചന്ദ്രൻ, വി ഡി സതീശൻ, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരാണ് സജീവമായി പരിഗണിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top