യൂത്ത് കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷനായി നേതാക്കളുടെ പിടിവലി; നോമിനികളെ മുന്നോട്ടു വച്ച് കെസി വേണുഗോപാലും, രമേശ് ചെന്നിത്തലയും എം.കെ രാഘവനും

രാഹുല്‍ മാങ്കൂട്ടത്തില്‍ പദവി ഒഴിഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷനായി നേതാക്കളുടെ പിടിവലി. കെസി വേണുഗോപാലും, രമേശ് ചെന്നിത്തലയും എം.കെ രാഘവനും നോമിനികളെ മുന്നോട്ടു വച്ചിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ആലോചന.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ബിനു ചുള്ളിയിലിനെ നിയോഗിക്കണമെന്നാണ് കെ.സി വേണുഗോപാലിന്റെ ആവശ്യം. ബിനു ചുള്ളിയിലിനായി സമൂഹമാധ്യമങ്ങളിലൂടെ ക്യാമ്പയിനും ആരംഭിച്ചു. മുന്‍പ് പല സമയങ്ങളിലും അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ ത്യജിച്ചവനാണ് ബിനു ചുള്ളിയില്‍ എന്ന നിലയിലാണ് ക്യാമ്പയിന്‍. ഇതിന് പിന്നില്‍ കെ.സി വേണുഗോപാല്‍ എന്നാണ് ആക്ഷേപം. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് ആഴ്ചകള്‍ പിന്നിട് മുന്‍പ് പുതിയ സ്ഥാനം നല്‍കേണ്ട കാര്യമില്ല എന്നാണ് എതിര്‍ക്കുന്നവരുടെ വാദം.
Read Also: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി കോണ്‍ഗ്രസ്; അന്വേഷണത്തിന് സമിതി
അബിന്‍ വര്‍ക്കി അല്ലാതെ മറ്റൊരു പേരും പരിഗണിക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലാണ് രമേശ് ചെന്നിത്തല. സംഘടനാ തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മത്സരിച്ച അബിന്‍ വര്‍ക്കി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നില്‍ രണ്ടാമതെത്തിയിരുന്നു. നിലവിലെ സംസ്ഥാന അധ്യക്ഷന്‍ മാറിയ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ ഉപാധ്യക്ഷനെ പരിഗണിക്കുക എന്നത് സ്വാഭാവിക നീതി എന്നാണ് രമേശ് ചെന്നിത്തലയുടെ പക്ഷം. സാമുദായിക സമവാക്യമാണ് അബിന്‍ വര്‍ക്കിക്ക് തിരിച്ചടി. കെ.പി.സി.സി, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രസിഡന്റുമാരായി ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരാകും എന്നതാണ് വെല്ലുവിളി.
മുന്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്തിന് എ ഗ്രൂപ്പ് പിന്തുണയുണ്ട്. എം.കെ രാഘവന്‍ എംപി അഭിജിത്തിനായി നേരിട്ട് രംഗത്തുണ്ട്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനത്തുനിന്ന് അവസാന നിമിഷമാണ് അഭിജിത്തിനെ തഴഞ്ഞത്. വിവാദമായതിന് പിന്നാലെ കെ.എം അഭിജിത്തിനെ ഉടന്‍ പരിഗണിക്കാമെന്ന ഉറപ്പ് സംസ്ഥാന നേതൃത്വം എം.കെ രാഘവന് നല്‍കിയിരുന്നു. അപ്രതീക്ഷിതമായി വന്ന അവസരം എങ്കിലും ആ ഉറപ്പ് ഇപ്പോള്‍ പാലിക്കണമെന്നാണ് എം.കെ രാഘവന്റെ നിലപാട്. രണ്ടുദിവസത്തിനുള്ളില്‍ പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് നീക്കം.
Story Highlights : Youth Congress President election: leaders put forward their nominees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here