Advertisement

അടിമുടി മാറ്റത്തിന് കോണ്‍ഗ്രസ്; സംസ്ഥാന നേതാക്കളെ രാഹുല്‍ ദില്ലിയിലേക്ക് വിളിച്ചു

June 2, 2018
Google News 0 minutes Read
congress kpcc

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് ക്യാമ്പിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളിലേക്ക് വിരല്‍ചൂണ്ടുകയാണ്. കോണ്‍ഗ്രസിന്റെ യുവസംഘടനകളടക്കം പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ മാറ്റങ്ങള്‍ നടത്താനാണ് നേതൃത്വം നിര്‍ബന്ധിക്കപ്പെടുന്നത്. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് തുടങ്ങിയവയിലേക്ക് പുതുമുഖങ്ങള്‍ എത്തുമെന്നുറപ്പായതോടെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകള്‍ അധികാരത്തിനായി വടംവലികളും ആരംഭിച്ചു.

പുതിയ കെപിസിസി പ്രസിഡന്റിനെ ഈ മാസം 15ന് മുന്‍പ് പ്രഖ്യാപിക്കാനാണ് സാധ്യത. എം.എം. ഹസന് പകരം പുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എ, ഐ ഗ്രൂപ്പുകള്‍ പോരാട്ടം തുടങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐ ഗ്രൂപ്പില്‍ നിന്നാണെന്നതിനാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. പിസി വിഷ്ണുനാഥ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് എ ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്ന പേരുകള്‍. കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍, മുന്‍ മന്ത്രി കെ. സുധാകരന്‍ എന്നിവരുടെ പേരുകളാണ് ഐ ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നേല്‍ സുരേഷ്, കെവി തോമസ് എന്നിവരുടെ പേരുകള്‍ ഹൈക്കമാന്‍ഡ് പരിഗണനയിലുണ്ട്. എന്നാല്‍ ഇരു ഗ്രൂപ്പുകള്‍ക്കും ഇവര്‍ സ്വീകാര്യരല്ല എന്നതാണ് വസ്തുത.

കെപിസിസി അധ്യക്ഷ സ്ഥാനത്തിനുവേണ്ടിയുള്ള വടംവലികള്‍ക്കൊപ്പം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്കും പോര് നടക്കുന്നുണ്ട്. കെ. സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയില്ലെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നല്‍കാന്‍ സാധ്യതയുണ്ട്. മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ കെ. മുരളീധരന്റെ പേരും പരിഗണനയിലുണ്ട്.

കേരളത്തില്‍ നിന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയുടെ കാര്യവും പരിഗണനയിലുണ്ട്. മൂന്ന് സീറ്റുകളാണ് കേരളത്തില്‍ നിന്ന് ഒഴിവുവരിക. എന്നാല്‍, ഇതില്‍ ഒരു സീറ്റാണ് യുഡിഎഫിന് വിജയിക്കാന്‍ സാധിക്കുന്നത്. രാജ്യസഭാ ഉപാധ്യക്ഷന്‍ കൂടിയായ പിജെ കുര്യന്റെ ഒഴിവിലുള്ള സീറ്റാണിത്. ഇതിലേക്ക് പിജെ കുര്യനെ തന്നെ ഒരുതവണ കൂടി പരിഗണിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് താല്‍പര്യമുണ്ട്. എന്നാല്‍, യുവസംഘടനകളിലെ പ്രവര്‍ത്തകര്‍ പി.ജെ. കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കുന്നതില്‍ താല്‍പര്യകുറവ് പ്രകടിപ്പിച്ചിട്ടുണ്ട്.

ഏറെ തലവേദനയുമായാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. ഈ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാന നേതാക്കളെ ദില്ലിയിലേക്ക് വിളിച്ചിട്ടുണ്ട്. ഈ മാസം 6,7 തിയതികളില്‍ കേരളത്തിലെ നേതാക്കളുമായി ദേശീയ അധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തും. രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. ദേശീയ അധ്യക്ഷനോട് എ, ഐ ഗ്രൂപ്പുകള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ അറിയിക്കും. ഇതിന് ശേഷമായിരിക്കും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനത്തിലെത്തുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here