പാര്‍ട്ടി പറഞ്ഞാല്‍ ഒഴിഞ്ഞുനില്ക്കാമെന്ന് പിജെ കുര്യന്; കണ്‍വീനറായി തുടരാന്‍ പ്രാപ്തിയുണ്ടെന്ന് തങ്കച്ചനും

കാലാകാലങ്ങളായി അധികാര കസേരയില്‍ ഇരിക്കുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പുതുമുഖങ്ങള്‍ക്കായി സ്ഥാനമൊഴിയണമെന്ന കോണ്‍ഗ്രസിലെ യുവതുര്‍ക്കികളുടെ ആവശ്യത്തെ മുഴുവനായി അംഗീകരിക്കാതെ മുതിര്‍ന്ന നേതാക്കള്‍.
രാജ്യസഭാ സീറ്റ് പാര്‍ട്ടി പറഞ്ഞാല്‍ മാത്രം ഒഴിയാമെന്ന തീരുമാനത്തിലാണ് പി.ജെ. കുര്യന്. സ്വയം മാറി നിന്ന് സീറ്റ് വേറെ ആര്‍ക്കെങ്കിലും നല്കാന് താന്‍ തയ്യാറല്ലെന്നാണ് കുര്യന്റെ അഭിപ്രായ പ്രകടനത്തില്‍ നിന്ന് വ്യക്തമാകുന്നത്. കാലാവധി പൂര്‍ത്തിയാക്കിയ പി.ജെ. കുര്യന് പകരം ഏതെങ്കിലും പുതുമുഖത്തെ രാജ്യസഭയിലേക്ക് എത്തിക്കണമെന്നാണ് യുവ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് പി.ജെ. കുര്യന്റെ മറുപടി എത്തിയത്. രാജ്യസഭയിലേക്കു മത്സരിക്കുന്നതിൽനിന്നു പാർട്ടി പറഞ്ഞാൽ മാറി നിൽക്കാമെന്നാണ് മൂന്നുവട്ടം തുടർച്ചയായി രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട പി.ജെ.കുര്യന്റെ വാദം.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേരിട്ടതു വൻ തോൽവിയാണ്. ഈ തോൽവിയിൽ പാർട്ടി പരിശോധന നടത്തണം. പാർട്ടിയിലെ യുവനേതാക്കളുടെ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു. യുവാക്കളുടെ അവസരത്തിനു താൻ തടസമാകില്ല. പാർട്ടി പറഞ്ഞാൽ മത്സരരംഗത്തുനിന്നു മറിനിൽക്കാൻ തയാറാണെന്ന് പി.ജെ.കുര്യൻ പത്തനംതിട്ടയിൽ പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ തനിക്ക് പ്രത്യേകിച്ച് അവശതകളൊന്നുമില്ലെന്ന് പിപി തങ്കച്ചനും പറഞ്ഞു. തനിക്ക് ഓര്‍മ്മക്കുറവോ മറ്റ് ബുദ്ധിമുട്ടികളോ ഇല്ല. ഇപ്പോഴും ഈ സ്ഥാനത്ത് തുടരാന്‍ പ്രാപ്തിയുണ്ട്. എന്നാല്‍ യുവ നേതാക്കളുടെ അഭിപ്രായത്തെ സ്വീകരിക്കുന്നുവെന്നും പിപി തങ്കച്ചന് പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനം ഒഴിയാമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്കും പുതുമുഖങ്ങളെ എത്തിക്കണമെന്നാണ് യുവ എംഎല്‍എമാര്‍ ആവശ്യം ഉന്നയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here