എടപ്പാള്‍ പീഡനം; തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനം

എടപ്പാളിലെ സിനിമാ തിയറ്റര്‍ പീഡനത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത ശാരദ തിയറ്റര്‍ ഉടമ സതീഷിനെ ജാമ്യത്തില്‍ വിട്ടു. പ്രതി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും പീഡനവിവരം കൃത്യസമയത്ത് അറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇ.സി. സതീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍, തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് പോലീസിന്റെ പ്രതികാര നടപടിയാണെന്ന് പ്രമുഖര്‍ പ്രതികരിച്ചു. തിയറ്റര്‍ പീഡനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴി പരാതി ലഭിച്ചിട്ടും പോലീസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്ന് വ്യാപക വിമര്‍ശനമുണ്ടായിരുന്നു. തിയറ്റര്‍ ഉടമ ദൃശ്യം പ്രചരിപ്പിച്ചതോടെയാണ് പോലീസ് ഈ കേസില്‍ ഇടപെടാന്‍ തയ്യാറായതെന്നാണ് വിമര്‍ശനം. ഇക്കാരണത്താല്‍ തിയറ്ററിനോടുള്ള പ്രതികാര നടപടിയാണ് പോലീസ് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ ഡിജിപി സെന്‍കുമാര്‍, വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് തുടങ്ങിയവര്‍ പ്രതികരിച്ചു.
കേസിലെ മുഖ്യപ്രതിയായ മൊയ്തീൻകുട്ടി നിലവിൽ റിമാൻഡിലാണ്. ഏപ്രില്‍ 18നായിരുന്നു സംഭവം. മൊയ്തികുട്ടി തിയറ്ററിൽവച്ച് ഒപ്പമുണ്ടായിരുന്ന കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മൊയ്തിൻകുട്ടിക്കൊപ്പം മറ്റൊരു സ്ത്രീ കൂടി ഉണ്ടായിരുന്നു.
ഏപ്രിൽ 26ന് തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ സതീഷൻ ചൈൽഡ് ലൈൻ അധികൃതർക്ക് കൈമാറിയതിനെത്തുടർന്നു ചൈൽഡ് ലൈൻ പോലീസിനു പരാതി നൽകുകായിരുന്നു. രണ്ട് തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതിരുന്ന സംഭവം മാധ്യമങ്ങൾ വഴി പുറത്തറിഞ്ഞതോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here