മാസ്‌കും ഗ്ലൗസും ധരിച്ച് നിയമസഭയിലെത്തി; എംഎല്‍എയുടെ നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും

നിപ വൈറസ് പടരുന്നതിനിടെ മാസ്‌കും ഗ്ലൗസും ധരിച്ച് കുറ്റ്യാടി എംഎല്‍എ നിയമസഭയിലെത്തി. എംഎല്‍എയുടെ നടപടിയെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മുഖ്യമന്ത്രി പിണറായി വിജയനും നിശിതമായി എതിര്‍ത്തു. തുടര്‍ന്ന് നിയമസഭയില്‍ ഇത് ഭരണ- പ്രതിപക്ഷ ബഹളത്തിന് കാരണമായി.
കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളയാണ് മാസ്‌കും ഗ്ലൗസും ധരിച്ച് നിയമസഭയിലേക്ക് എത്തിയത്. പാറക്കലിന്റെ നടപടി തീര്‍ത്തും അപഹാസ്യമാണെന്ന് ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും പ്രതികരിച്ചു. ചോദ്യോത്തരവേളയിലാണ് മാസ്‌കും ഗ്ലൗസും ധരിച്ച് പാറക്കല്‍ അബ്ദുള്ള എത്തിയത്. ഇത് ഭരണപക്ഷം ചോദ്യം ചെയ്തു.
കുറ്റ്യാടി, കോഴിക്കോട് മേഖലയില്‍ നിപ പടരുന്നത് കൊണ്ടാണ് ഇത്തരമൊരു നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പാറക്കല്‍ എംഎല്‍എയും പ്രതികരിച്ചു. എന്നാല്‍, വിഷയത്തിന്റെ ഗൗരവം മനസിലാക്കി ജാഗ്രത പുലര്‍ത്തേണ്ട സമയത്ത് ഇത്തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നത് അങ്ങേയറ്റം അപഹാസ്യമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
മാസ്‌ക് ധരിക്കുന്നതിന് കൃത്യമായ നിര്‍ദ്ദേശമുണ്ടെന്നും ഒന്നുകില്‍ നിപ ബാധയുണ്ടാകകയോ, അല്ലെങ്കില്‍ രോഗ ബാധിതരുമായി സമ്പര്‍ക്കം ഉണ്ടാകുകയോ ചെയ്യണമെന്ന് പറഞ്ഞ ആരോഗ്യമന്ത്രി നിപ ബാധയുണ്ടെങ്കില്‍ എംഎല്‍എ സഭയില്‍ വരേണ്ടതില്ലെന്നും വ്യക്തമാക്കി. പാറക്കല്‍ എംഎല്‍എ കോമാളിയെപ്പോലെ നീക്കം നടത്തുന്നുവെന്ന് ഭരണപക്ഷ എംഎല്‍എമാരും വിമര്‍ശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here