മോദി ട്രംപിനേക്കാള്‍ ഭയപ്പെടേണ്ട അധികാരി; വിമര്‍ശനവുമായി അരുന്ധതി റോയ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ബിബിസിയുടെ ന്യൂസ് നൈറ്റിലാണ‌് നരേന്ദ്ര മോദി , ഡൊണാള്‍ഡ് ട്രംപിനേക്കാൾ ഭീതിപ്പെടുത്തുന്നയാളാണെന്ന‌് അരുന്ധതി തുറന്നടിച്ചത‌്. ‘ദ മിനിസ്റ്ററി ഓഫ് അട്‌മോസ്റ്റ് ഹാപ്പിനസ്’എന്ന പുസ്തകത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അരുന്ധതി.
ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ അപകടകാരിയാണ‌് മോദിയെന്നും ഇന്ത്യയില്‍ സ്ഥാപിത താൽപ്പര്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട് ഒരുസമൂഹം ആക്രമണം അഴിച്ചുവിടുകയാണെന്നും അവർ ആരോപിച്ചു. മാംസവിൽപ്പനക്കാർക്കും ചെരിപ്പുകുത്തികൾക്കും കരകൗശലത്തൊഴിലാളികൾക്കും ജീവിക്കാനാകാത്ത സ്ഥിതിയാണ‌്.
കശ്മീരില്‍ കൊച്ചുപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെ രാജ്യം കേട്ടെങ്കിലും അവിടെയും ബലാത്സംഗികള്‍ക്ക് പിന്തുണയേകി നൂറുകണക്കിനാളുകൾ മാര്‍ച്ച് നടത്തി. വിചാരണ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരം പ്രതിഷേധങ്ങളെന്നും അരുന്ധതി പറഞ്ഞു. ജനാധിപത്യം അപകടാവസ്ഥയിലാണെന്ന‌് സുപ്രീംകോടതി ജഡ‌്ജിമാർക്കുവരെ പറയേണ്ടിവരുന്ന അസാധാരണമായ കാര്യങ്ങളാണ് നടക്കുന്നതെന്നും കോടതിയെവരെ രാഷ്ട്രീയക്കാർ വിലയ്‌ക്കെടുക്കുന്ന അവസ്ഥയാണെന്നും അരുന്ധതി അഭിമുഖത്തിൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here