ഇനി ആശ്വസിക്കാം. നിപ വൈറസിനെ പൂര്‍ണമായി തുടച്ചുനീക്കിയെന്ന് ആരോഗ്യമന്ത്രി

കോഴിക്കോടും മലപ്പുറത്തുമായി ജനങ്ങളെ ആശങ്കയിലാഴ്ത്തിയ നിപ വൈറസിനെ പൂര്‍ണമായി തുടച്ചുനീക്കിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിപ പൂര്‍ണമായി ഇല്ലാതായ സാഹചര്യമാണ് നിലവിലുള്ളത്. നിപ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നടത്തിവന്ന പ്രത്യേക സെല്‍ പ്രവര്‍ത്തനവും നിരീക്ഷണവും ഇനിയും തുടരും. നിപ ആശങ്ക പൂര്‍ണമായി നീങ്ങിയെങ്കിലും നിരീക്ഷണം കുറച്ച് ദിവസത്തേക്ക് കൂടി ഉണ്ടാകും. 3000 ത്തോളം പേര്‍ നേരത്തേ നിരീക്ഷണത്തിലുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് 1500ല്‍ താഴെയായിരിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാവരെയും നിരീക്ഷണത്തില്‍ നിന്ന് പുറത്ത് കടത്താനാവുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
നിപ വ്യാധിയിലും ആരോഗ്യരംഗത്ത് സ്വന്തം ജീവിതം സമര്‍പ്പിച്ച് ശുശ്രൂഷ ചെയ്ത എല്ലാവരെയും ആദരിക്കുമെന്ന് മന്ത്രി അറിയിച്ചു. നിപയുടെ മറവില്‍ വ്യാജപ്രചാരണം നടത്തിയ 23 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിപ നിരീക്ഷണത്തില്‍ കഴിയുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തരുതെന്നും മന്ത്രിയുടെ നിര്‍ദേശമുണ്ട്. ഇന്ന് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ആരോഗ്യവകുപ്പിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങളാണ് നിപ വൈറസിനെ പ്രതിരോധിക്കുന്നതില്‍ സഹായിച്ചത്. നിപ ബാധ മൂലം സംസ്ഥാനത്ത് 17 പേരാണ് മരിച്ചത്. ആരോഗ്യവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചതോടെ മരണസംഖ്യ ഉയരുന്നത് തടയാന്‍ സാധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here