കോണ്‍ഗ്രസിലെ കലാപം; ഉമ്മന്‍ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് എ ഗ്രൂപ്പ്

കോണ്‍ഗ്രസിലെ കലാപം ആളികത്തുന്നു. നേതൃത്വവുമായി ബന്ധപ്പെട്ട് ആരംഭിച്ച വിവാദങ്ങള്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിലേക്ക്. ഉമ്മന്‍ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് പലരും ചെയ്യുന്നതെന്ന് എ ഗ്രൂപ്പ് നേതാക്കള്‍.
പി.ടി. തോമസ്, പന്തളം സുധാകരന്‍ എന്നിവര്‍ രാജ്യസഭാ സീറ്റ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. സ്വകാര്യസ്വത്ത് പോലെ തീരുമാനിക്കേണ്ട കാര്യമല്ല രാജ്യസഭാ സീറ്റെന്ന് പിടി തോമസ് എംഎല്‍എ അഭിപ്രായപ്പെട്ടു. എന്തൊക്കെയോ മൂടിവയ്ക്കാന്‍ ഉള്ളതുപോലെയാണ് ഇത് സംബന്ധിച്ച നീക്കങ്ങളും കൂടിയാലോചനകളും. നാടകീയമായ പ്രഖ്യാപനം കോണ്‍ഗ്രസിന്റെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു. സീറ്റ് നഷ്ടപ്പെടുത്തിയതില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസന്‍ തുടങ്ങിയവര്‍ക്ക് വീഴ്ച പറ്റിയെന്നും പിടി തോമസ് തുറന്നടിച്ചു.
ഒരാളെ ഉന്നംവച്ച് കടത്തിവിട്ട ഒതുക്കല്‍ വൈറസ് ബൂമറാങ് ആയി മാറിയതാണ് പ്രശ്‌നമായതെന്ന് പന്തളം സുധാകരന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് ഇടപെടാത്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ എകെ ആന്റണി ഇക്കാര്യത്തില്‍ മൗനം വെടിയണം. അപകടകരമായ സാമൂഹിക ധ്രുവീകരണം ഒഴിവാക്കാന്‍ ശ്രമിക്കണം. പന്തളം സുധാകരന്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍, സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് പലരുടെയും ലക്ഷ്യമെന്ന് എ ഗ്രൂപ്പ് നേതാക്കള്‍. രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ട സംഭവത്തില്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസന്‍ എന്നിവര്‍ക്ക് ഒരുപോലെ പങ്കുണ്ട്. തീരുമാനത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് മാത്രമല്ല പങ്ക്. പരസ്യവിമര്‍ശനത്തില്‍ ഉമ്മന്‍ ചാണ്ടിയെ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നു. രാഷ്ട്രീയകാര്യ സമിതി ചേരുന്നതിന് മുന്‍പുള്ള വിമര്‍ശനം ഗൂഢോദ്ദേശ്യത്തോടെ ഉള്ളതാണെന്നും എ ഗ്രൂപ്പ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ പി.ജെ. കുര്യന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ കടുത്ത അതൃപ്തിയാണ് എ ഗ്രൂപ്പ് നേതാക്കള്‍ക്കുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here