അഭിമാനമാണ് ഛേത്രി!!!

ഇന്റര്‍കോണ്ടിനെന്റല്‍ കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടു. ഫുട്‌ബോള്‍ ആരാധകരുടെ ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടന്ന രാജ്യമാണ് ഇന്ത്യ. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും സമ്മാനിച്ച ഫുട്‌ബോള്‍ വസന്തത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള ആരാധകര്‍ എന്നും മതിമറന്ന് ആഘോഷിക്കാറുള്ളത്. സ്വന്തം രാജ്യത്തിന്റെ പേര് ലോകഫുട്‌ബോളില്‍ അത്രയൊന്നും തിളക്കമില്ലാതെ കിടക്കുമ്പോള്‍ മറ്റ് ഫുട്‌ബോള്‍ ടീമുകള്‍ക്ക് വേണ്ടി അവര്‍ ജയ് വിളിക്കുന്നതില്‍ ആരെയും കുറ്റംപറയാനൊക്കില്ല. എങ്കിലും, ലോകകപ്പ് ആരവങ്ങള്‍ക്കിടയില്‍ സുനില്‍ ഛേത്രിയെന്ന ഒറ്റയാനെ ആരും കാണാതെ പോകരുത്.
കെനിയ, ചൈനീസ് തായ്‌പേയ്, ന്യൂസിലാന്‍ഡ് എന്നീ രാജ്യാന്തര ടീമുകളെ പിന്‍തള്ളി ഇന്ത്യ ഇന്റര്‍കോണ്ടിനെന്റല്‍ കിരീടം ചൂടി. എട്ട് വ്യക്തിഗത ഗോളുകളാണ് ഇന്ത്യയുടെ നായകന്‍ സുനില്‍ ഛേത്രി ടൂര്‍ണമെന്റില്‍ നേടിയത്. മികച്ച പ്രകടനത്തിന്റെ വെളിച്ചത്തില്‍ ഛേത്രി ടൂര്‍ണമെന്റിലെ താരമായിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് തിളക്കമാര്‍ന്ന കിരീടനേട്ടം തന്നെ. അതിനേക്കാള്‍ തിളക്കമുണ്ട് ഛേത്രി എന്ന കളിയഴകിന്. രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ സാക്ഷാല്‍ ലെയണല്‍ മെസിക്കൊപ്പമാണ് ഛേത്രി എത്തിനില്‍ക്കുന്നത്. 101 മത്സരങ്ങളില്‍ നിന്ന് 64 ഗോളുകളാണ് ഇന്ത്യന്‍ താരം നേടിയത്. അര്‍ജന്റീന താരം മെസി 64 ഗോളുകള്‍ കുറിച്ചത് 124 മത്സരങ്ങളില്‍ നിന്നാണ്. സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് രാജ്യാന്താര ഗോള്‍ നേട്ടത്തില്‍ ഛേത്രിക്ക് മുന്നിലുള്ളത്. 150 മത്സരങ്ങളില്‍ നിന്ന് 81 ഗോളുകളാണ് റൊണാള്‍ഡോയുടെ നേട്ടം.
ഛേത്രിയുടെ നേട്ടം അത്ര ചെറുതല്ല. ഇന്ത്യന്‍ ടീമിന് ഛേത്രിയിലൂടെ ഇനിയും ഏറെ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ വിശ്വസിക്കുന്നു. ലോകകപ്പ് ആരവങ്ങളിലേക്ക് ഇന്ത്യയുടെ മുക്കും മൂലയും കൂപ്പുകുത്തികഴിഞ്ഞു. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ജര്‍മ്മനിയുടെയും ആരാധകര്‍ ഇഷ്ടടീമുകള്‍ക്ക് വേണ്ടി ജയ് വിളികള്‍ മുഴക്കുമ്പോള്‍ അവരുടെ എല്ലാം മനസില്‍ ഒരു സ്വപ്‌നമുണ്ടാകും; ‘രാജ്യത്തിന്റെ ത്രിവര്‍ണ പതാക വരുംകാലങ്ങളില്‍ എപ്പോഴെങ്കിലും ലോകകപ്പ് വേദിയില്‍ കാറ്റിലാടുമെന്ന്…അവിടെ ഛേത്രി എന്ന താരം രാജ്യത്തിനു വേണ്ടി ബൂട്ടണിയുമെന്ന്’…
ഒരു കടുത്ത മെസി ആരാധകന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇപ്രകാരമാണ്: “മെസിയുടെ റെക്കോര്‍ഡ് ഏതെങ്കിലും ഒരു താരം മറികടക്കുമ്പോള്‍ ഇത്രയും സന്തോഷം തോന്നുന്നത് ആദ്യമായാണ്…ഛേത്രി, വി ലൗ യൂ…”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here