Advertisement

സെറ്റില്‍ ഒറ്റയ്ക്ക് പോയിരിക്കും, ആരോടും മിണ്ടില്ല, ബഹളമില്ല; സെറ്റില്‍ ജയസൂര്യയില്ല, ഉണ്ടായിരുന്നത് മേരിക്കുട്ടി

June 12, 2018
1 minute Read
jayasurya

മേരിക്കുട്ടിയുടെ വിഷാദം ചുവയ്ക്കുന്ന പുഞ്ചിരി മനസില്‍ നിന്ന് മായുന്നില്ലെന്ന്  നടന്‍ നൗഷാദ് ഷാഹുൽ. രഞ്ജിത്ത് ശങ്കറിന്റേയും ജയസൂര്യയുടേയും പുതിയ ചിത്രമായ ഞാന്‍ മേരിക്കുട്ടിയിലെ അഭിനേതാവാണ് നൗഷാദ്.  ട്രാന്‍സ് വുമണായി ജയസൂര്യയുടെ പകര്‍ന്നാട്ടം നല്‍കിയ അമ്പരപ്പില്‍ നിന്ന് നൗഷാദ് ഇതുവരെ മുക്തനായിട്ടില്ല.  അടൂർ ഗോപാലകൃഷ്ണന്റെ പിന്നെയും, ടി വി ചന്ദ്രന്റെ വിലാപങ്ങള്‍ക്കപ്പുറം തുടങ്ങി രഞ്ജിത്ത് ശങ്കർ – ജയസൂര്യ കൂട്ടുകെട്ടിൽ പിറന്ന പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് വരെയുള്ള സിനിമകൾക്ക് ശേഷം അതെ ടീമിനൊപ്പം അഭിനയിച്ച നൗഷാദ്  മേരിക്കുട്ടി എന്ന കഥാപാത്രം തന്നിലുണ്ടാക്കിയ സ്വാധീനം ഒരു കവിതയായി പകർത്തിവച്ചതും ആ അമ്പരപ്പിന്റെ തുടർച്ച തന്നെ. അവനവൾ !

അസാമാന്യമായ കൈയ്യടക്കത്തോടും,  നിറഞ്ഞ സൗകുമാര്യത്തോടും, ഒട്ടും തൂവാതെ തുളുമ്പാതെ ജയസൂര്യ മേരിക്കുട്ടിയായി മാറുകയായിരുന്നുവെന്ന് നൗഷാദ് പറയുന്നു.  ആ അനുഭവം നൗഷാദ് ട്വന്റിഫോര്‍ ന്യൂസുമായി പങ്കുവച്ചു.

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലെ തന്നെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രത്തില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്ത് എക്സ്പീരിയന്‍സുമായാണ് മേരിക്കുട്ടിയുടെ സെറ്റില്‍ ഞാന്‍ ജോയിന്‍ ചെയ്തത്. ആ സിനിമയില്‍ ഒരു പോലീസ് ഓഫീസറുടെ വേഷമായിരുന്നു എനിക്ക്. എന്നാല്‍ അന്ന് കണ്ട ജയസൂര്യയെയായിരുന്നില്ല മേരിക്കുട്ടിയുടെ സെറ്റില്‍ കണ്ടത്. ഒരു ട്രാന്‍സ് വുമണിന്റെ വേഷവിധാനത്തിലായിരുന്നത് കൊണ്ടായിരിക്കും എന്നാണ് ആദ്യം കരുതിയത് എന്നാല്‍ ജയന്‍ എപ്പോഴും സെറ്റില്‍ ഒറ്റയ്ക്കിരുന്നു. മേരിക്കുട്ടിയുടെ മുഖത്തെ നിസ്സഹായാവസ്ഥയായിരുന്നു ജയന്റെ മുഖത്ത്. എല്ലാ സെറ്റിലും ആഘോഷത്തിന്റെ ഓളം ഉണ്ടാക്കുന്ന ജയന്‍ സെറ്റില്‍ ഒരു സമയം ഒരാളോട് മാത്രം സംസാരിച്ചു. മിക്കപ്പോഴും ഭാര്യ സരിത വരുമായിരുന്നു. അവരോട് മാത്രമാണ് സംസാരിച്ചത്. ബഹളങ്ങളില്‍ നിന്ന് എല്ലാം അകന്നു നിന്നു. നടത്തത്തിലും ഭാവങ്ങളിലുമെല്ലാം ക്യാമറ ഓണ്‍ അല്ലെങ്കിലും ജയസൂര്യ മേരിക്കുട്ടിയായിരുന്നു.

ആ കഥാപാത്രത്തില്‍ നിന്ന് ജയസൂര്യ എന്ന നടന് പെട്ടെന്ന് ഒഴിഞ്ഞ് മാറാനാകില്ലെന്ന് എനിക്ക് തോന്നുന്നു. മൂന്നോ നാലോ സീനിലാണ് ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നത്. മേരിക്കുട്ടിയെ മാനസികമായി ഉപദ്രവിക്കുന്ന കഥാപാത്രമാണ് എന്റേത്. അപ്പോഴൊക്കെ ജയസൂര്യയുടെ മുഖത്ത് കണ്ട ആ നിസഹായത എന്റെ വേദനിപ്പിച്ചു. അഭിനയമാണെന്ന് അറിയാമെങ്കിലും സങ്കടത്തോടെയുള്ള ജയസൂര്യയുടെ ചിരി മേരിക്കുട്ടിയുടേതായാണ് ഇന്നും മനസില്‍ അവശേഷിക്കുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് എത്രയോ ദിവസമായി പക്ഷേ ആ നൊമ്പരം മാത്രം മനസില്‍ നിന്ന് വിട്ടൊഴിയുന്നില്ല. കാരണം അത്രകണ്ട് കഥാപാത്രത്തെ ഉള്‍ക്കൊണ്ടാണ് ജയന്‍ ആ കഥാപാത്രത്തിന് ജീവന്‍ നല്‍കിയത്. മേക്കപ്പും കോസ്റ്റ്യൂമുമിട്ട് ഷൂട്ടിംഗിനായി കാറിൽ വന്നിറങ്ങുമ്പോള്‍ ഒരിക്കലും ജയസൂര്യയെ കണ്ടില്ല, ഈ ദിവസങ്ങളിലെല്ലാം ജയന്‍ മേരിക്കുട്ടി തന്നെയായിരുന്നു.  “വിഷാദം ചുവയ്ക്കുന്ന പുഞ്ചിരി…” ക്യാമറയ്ക്ക് മുന്നിൽ ജയസൂര്യയുടെ മുഖത്ത് പലവട്ടം കണ്ട, എന്നെ ഏറെ വേദനിപ്പിച്ച ഒരു കാഴ്ചാനുഭവമാണ് നൗഷാദ് പറയുന്നു. ആ വേദനയ്ക്ക് വരിയിലൂടെ ജീവന്‍ നല്‍കിയിരിക്കുകയാണ് നൗഷാദിപ്പോള്‍.  വെള്ളിത്തിരയിൽ ഇനിയെത്ര വേഷങ്ങൾ കെട്ടിയാടിയാലും ജയസൂര്യ എന്ന നടന് മേരിക്കുട്ടിയെ മറക്കാനാകില്ല എന്ന ചിന്തയിലാണ്  ഈ കവിത ജനിച്ചതെന്ന് നൗഷാദ് പറയുന്നു. അവനവൾ എന്ന പേരിലെ ഈ കവിത ജയസൂര്യ എന്ന നടന്റെ ആത്മാര്‍പ്പണത്തെ മാത്രമല്ല, അനേകം മേരിക്കുട്ടിമാരുടെ ജീവിതത്തെ കൂടിയാണ് പ്രതിനിധീകരിക്കുന്നത്.

പാഠം ഒന്ന് ഒരു വിലാപം, കേരള കഫെ (ഐലന്റ് എക്സ്പ്രസ്),  പോക്കിരി രാജ എന്നീ ചിത്രങ്ങളുടെ സംവിധാന സഹായിയായിരുന്നു നൗഷാദ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top