അതിരുവിട്ട പ്രതിഷേധം; ഡിസിസി ഓഫീസിനു മുന്നില്‍ ശവപ്പെട്ടിവച്ച കെഎസ്യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്കിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസില്‍ ശവപ്പെട്ടി വച്ച സംഭവത്തില്‍ കെഎസ്യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഇട്ടൻ, കെഎസ്യു മുൻ സംസ്ഥാന സെക്രട്ടറി സബീർ മുട്ടം, മുജീവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ആറ് വര്‍ഷത്തേക്കാണ് ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങളോട് കൂടിയ ശവപ്പെട്ടിയാണ് ഡിസിസി ഓഫീസിനു മുന്നിൽവച്ചത്. നേതാക്കളെ വിമർശിക്കുന്ന പോസ്റ്ററുകളും ഒട്ടിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ശവപ്പെട്ടി ഡിസിസി ഓഫീസിനു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. എറണാകുളം ഡിസിസി പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. വടുതലയിലെ കടയിൽനിന്നും കെഎസ്യു നേതാക്കൾ ശവപ്പെട്ടി വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here