സിപിഐ പിടിമുറുക്കി; നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ നഗരങ്ങള്‍ക്ക് ഇളവില്ല

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ നിന്ന് നഗരപ്രദേശങ്ങളെ ആവശ്യഘട്ടങ്ങളില്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിലപാടിന് തിരിച്ചടി. ജനങ്ങളുടെ മാത്രം പ്രത്യേക ആവശ്യങ്ങള്‍ പരിഗണിച്ചല്ലാതെ മറ്റൊരു കാര്യത്തിന് വേണ്ടിയും നഗരപ്രദേശങ്ങളെ തണ്ണീര്‍ത്തട നിയമത്തില്‍ നിന്ന് ഒഴിവാക്കേണ്ട ആവശ്യമില്ലെന്ന് സിപിഐ കടുത്ത നിലപാട് സ്വീകരിച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ നഗരപ്രദേശങ്ങളെ ഒഴിവാക്കണമെന്ന അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഉന്നതതലയോഗത്തിന് മുന്‍പ് വിളിച്ചുചേര്‍ത്ത സിപിഎം- സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലും സിപിഐ ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. കാനം രാജേന്ദ്രന്‍ നഗരങ്ങള്‍ക്ക് ഇളവ് നല്‍കണമെന്ന ആവശ്യത്തെ തള്ളി കളഞ്ഞു. നെല്‍വയല്‍- തണ്ണീര്‍ത്തട ബില്‍ നിയമസഭയുടെ പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചുചേര്‍ത്തത്. നിലവിലെ നിയമത്തില്‍ കാതലായ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി യോഗത്തിന് ശേഷം അറിയിച്ചു. ഇപ്പോള്‍ ഉള്ള എല്ലാ നിയമങ്ങളും നഗരപ്രദേശങ്ങള്‍ക്കും ബാധകമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here