താജ്മഹലിന്റെ പേര് മാറ്റണമെന്ന് ബിജെപി എംഎല്‍എ; പുതിയ പേര് ‘രാം മഹല്‍’ എന്നോ ‘കൃഷ്ണ മഹല്‍’ എന്നോ ആക്കണമെന്നും നിര്‍ദ്ദേശം

വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ് വീണ്ടും രംഗത്ത്. താജ്മഹലുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. താജ്മഹലിന്റെ പേര് മാറ്റണമെന്നാണ് ബിജെപി എംഎല്‍എയുടെ ആവശ്യം. പേര് മാറ്റണമെന്ന് അഭിപ്രായപ്പെടുന്ന എംഎല്‍എ പുതിയ രണ്ട് പേരുകളും മുന്നോട്ട് വെച്ചിട്ടുണ്ട്. ‘രാം മഹല്‍’ എന്നോ ‘കൃഷ്ണ മഹല്‍’ എന്നോ താജ്മഹലിന് പേര് നല്‍കണമെന്നാണ് സുരേന്ദ്ര സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
മുഗള്‍ ഭരണാധികാരികള്‍ രാജ്യത്ത് നിര്‍മ്മിച്ചിരിക്കുന്ന സ്മാരകങ്ങളും റോഡുകളും മുസ്ലീം പേരുകളിലാണ് അറിയപ്പെടുന്നത്. അത്തരം പേരുകള്‍ എല്ലാം മാറ്റണമെന്ന് ബിജെപി എംഎല്‍എ പരസ്യമായി പറഞ്ഞു. ‘എനിക്കൊരു അവസരം ലഭിച്ചാല്‍ താജ്മഹലിന്റെ പേര് ‘രാം മഹല്‍’, ‘കൃഷ്ണ മഹല്‍’ എന്നോ അല്ലെങ്കില്‍ ‘രാഷ്ട്രഭക്ത് മഹല്‍’ എന്നോ ആക്കി മാറ്റുമായിരുന്നു’ എന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.
ലഖ്‌നൗവിലെ അക്ബറി ഗേറ്റ്, മുഗള്‍സാരായ് ടെഹ്‌സില്‍, എന്നിവയുടെ പേര് പതിനഞ്ച് ദിവസത്തിനകം മാറ്റും എന്നാണ് സുരേന്ദ്ര സിംഗ് പറഞ്ഞിരിക്കുന്നത്. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് അയക്കും എന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. പുതുതായുള്ള പേരുകള്‍ ആര്‍ക്ക് വേണമെങ്കിലും നിര്‍ദേശിക്കാം. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുകള്‍ കാലാമിന്റെ പേരുള്‍പ്പെടെ നിര്‍ദേശിക്കാം. എന്നാല്‍ സ്ഥലങ്ങളുടെ കെട്ടിടങ്ങളുടെയും റോഡുകളുടെയും പേരുകള്‍ ഇന്ത്യന്‍ ആയിരിക്കണം എന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here