‘വീട്ടിലെ പട്ടിയെ പരിശീലിപ്പിക്കാന്‍ പോലും ഞങ്ങളോട് പറയും’; എഡിജിപി സുദേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡ്രൈവര്‍

എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും മര്‍ദ്ദനത്തെ തുടര്‍ന്ന് കഴുത്തിന് പരിക്കേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍. എഡിജിപി സുദേഷ് കുമാറിനെതിരെയും ഗുരുതര ആരോപണങ്ങളാണ് ഗവാസ്‌കര്‍ ഉന്നയിച്ചിരിക്കുന്നത്. എഡിജിപിയുടെ വീട്ടില്‍ നടക്കുന്നത് നഗ്നമായ മനുഷ്യലംഘനമാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. കീഴുദ്യോഗസ്ഥരോട് എഡിജിപി എപ്പോഴും മോശമായ രീതിയിലാണ് പെരുമാറുന്നത്. എഡിജിപിയുടെ മകള്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഉന്നതഉദ്യോഗസ്ഥര്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഗവാസ്‌കര്‍ പറഞ്ഞു.
ഇത് ആറാം തവണയാണ് ഒരു ഐപിഎസ് ഓഫീസർക്കൊപ്പം താൻ ക്യാംപ് ഓഫീസറായി ജോലി ചെയ്യുന്നത്. ഇതിൽ രണ്ട് പേർ വനിതകളാണ് എന്നാൽ സുദേഷ് കുമാറിന്റെ വീട്ടിൽ നിന്നും ഉണ്ടായ പോലൊരു ദുരനുഭവം മുൻപൊരിക്കലും ഉണ്ടായിട്ടില്ല. എഡിജിപിയുടെ വീട്ടിൽ നടക്കുന്നത് നഗ്നമായ മനുഷ്യലംഘനമാണ്. ഇപ്പോൾ തനിക്കെതിരെ കേസെടുത്തത് പോലെ മുൻപും എഡിജിപി പ്രതികാര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പട്ടിയെ പരിശീലിപ്പിക്കാൻ വിമുഖത കാണിച്ച പൊലീസുകാരനെ കാസർഗോഡേക്ക് സ്ഥലം മാറ്റി. പട്ടി കടിച്ച കാര്യം ഡിജിപിക്കു പരാതി നൽകിയപ്പോഴായിരുന്നു നടപടി. മകളെ നോക്കി ചിരിച്ചുവെന്നാരോപിച്ച് അഞ്ചു പൊലീസുകാരെ എഡിജിപി നല്ല നടപ്പ് പരിശീലനത്തിനയച്ചിരുന്നുവെന്നും ഗവാസ്കർ ആരോപിക്കുന്നു.
ആംഡ് പോലീസ് ബറ്റാലിയൻ എഡിജിപിയായ സുദേഷ് കുമാറിന്റെ വീട്ടിൽ പോലീസ് ഉദ്യോഗസ്ഥർ ദാസ്യപ്പണി ചെയ്യേണ്ടി വരുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. പോലീസ് ഡോഗ് സ്ക്വാഡിൽ ഉൾപ്പെട്ട ഒരു ഉദ്യോഗസ്ഥനെ എഡിജിപി തന്റെ വീട്ടിലേക്ക് കൊണ്ടു വരികയും സ്വന്തം പട്ടിയെ പരിശീലിപ്പിക്കാനും നിർബന്ധിച്ചു. പരിശീലനത്തിനിടെ എഡിജിപിയുടെ പട്ടി ഉദ്യോഗസ്ഥനെ കടിച്ചു. ഇതോടെ ഇയാൾ തന്നെ ക്രമവിരുദ്ധമായി ജോലിചെയ്യിപ്പിച്ച എഡിജിപിക്കെതിരെ ഡിജിപിക്ക് പരാതി നൽകി. എന്നാൽ പരാതി കൊടുത്ത് അടുത്ത ദിവസം തന്നെ ഇയാളെ കാസർഗോഡേക്ക് സ്ഥലം മാറ്റി.
രാവിലെ വ്യായാമത്തിനായി എഡിജിപിയുടെ ഭാര്യയെയും മകളെയും കനകക്കുന്നില്‍ പോലീസ് വാഹനത്തില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് വിഷയം ആരംഭിക്കുന്നത്. വ്യായാമം കഴിഞ്ഞ് തിരികെ വരുന്ന വഴിയില്‍ വാഹനത്തിലിരുന്ന് എഡിജിപിയുടെ മകള്‍ സ്‌നിഗ്ത തന്നെ തുടര്‍ച്ചയായി അസഭ്യം പറഞ്ഞുവെന്നാണ് ഗവാസ്‌കര്‍ ആരോപിച്ചത്. തുടര്‍ച്ചയായി ചീത്തവിളിച്ചതോടെ വാഹനം വഴിയില്‍ നിറുത്തുകയും വാഹനം മുന്നോട്ട് എടുക്കില്ലെന്ന് പറയുകയും ചെയ്തു. എന്നാല്‍, ഇതേ തുടര്‍ന്ന് എഡിജിപിയുടെ മകള്‍ കൈയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തന്റെ കഴുത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഗവാസ്‌കര്‍ പറയുന്നു.
എജിഡിപിയുടെ മകള്‍ക്കെതിരെ ഗവാസ്‌കര്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തന്നെ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് സ്‌നിഗ്തയും പോലീസില്‍ പരാതി നല്‍കി. എന്നാല്‍, സ്‌നിഗ്തയുടെ പരാതിയില്‍ മ്യൂസിയം പോലീസ് ഗവാസ്‌കറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുകയാണ്. ഗവാസ്‌കര്‍ നല്‍കിയ പരാതിയില്‍ ഇതുവരെയും നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായിട്ടുമില്ല. കഴുത്തിന് സാരമായ പരിക്കേറ്റ ഗവാസ്‌കര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here