സ്‌പെയിനെ തളക്കാന്‍ പോര്‍ച്ചുഗലിന്റെ കാളക്കൂറ്റന് സാധിക്കുമോ? ആരാധകര്‍ കാത്തിരിക്കുന്ന മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം

റഷ്യന്‍ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിന് ഇന്ന് സോച്ചി സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരുത്തില്‍ നിലവിലെ യൂറോ കപ്പ് ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ സെര്‍ജിയോ റാമോസിന്റെ സ്‌പെയിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 11.30 നാണ് മത്സരം.
ഗ്രൂപ്പ് ബി യിലെ കരുത്തരാണ് രണ്ട് ടീമുകളും. ഫിഫ റാങ്കിംഗില്‍ എട്ടാം സ്ഥാനത്തുള്ള സ്‌പെയിന്‍ 4-2-3-1 ഫോര്‍മാറ്റിലാകും കളത്തിലിറങ്ങുക. എന്നാല്‍, റാങ്കിംഗില്‍ നാലാമത് നില്‍ക്കുന്ന പോര്‍ച്ചുഗല്‍ 4-4-2 ഫോര്‍മാറ്റ് അവലംബിക്കാനാണ് സാധ്യത. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന കാളക്കൂറ്റന്റെ മികവിലാകും പോര്‍ച്ചുഗല്‍ കളത്തിലിറങ്ങുക. ക്രിസ്റ്റ്യാനോയെ പൂട്ടിയാല്‍ സ്‌പെയിന് കാര്യങ്ങള്‍ എളുപ്പമാകും. ക്രിസ്റ്റ്യാനോയെ പിന്തുണക്കാന്‍ ബെര്‍നാഡോ സില്‍വയും നെല്‍സന്‍ സെമദോയും പോര്‍ച്ചുഗലിന് വേണ്ടി കളത്തിലിറങ്ങും. യൂറോ കപ്പ് നേട്ടം തന്നെയാണ് പോര്‍ച്ചുഗലിന് ആത്മവിശ്വാസമേകുന്നത്. സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കളത്തില്‍ ഏതറ്റം വരെയും പോകുന്ന റൊണാള്‍ഡോ തന്നെയാണ് കളിയിലുടനീളം പറങ്കിപടയുടെ കുന്തമുനയാകുക.
അതേ സമയം, സ്‌പെയിനും മികച്ച ഫോമിലാണ്. ലോകഫുട്‌ബോളിനെ വിസ്മയിപ്പിച്ച ടിക്ക-ടാക്ക കളിരീതിയെ സ്‌പെയിന്‍ റഷ്യയില്‍ ആവിഷ്‌കരിക്കുമോ എന്നതാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്. കാലത്തിനൊത്ത മാറ്റങ്ങളിലൂടെ ടിക്ക-ടാക്കക്ക് വീണ്ടും ജീവന്‍ നല്‍കാനാണ് സ്‌പെയിന്‍ ശ്രമിക്കുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെര്‍ജിയോ റാമോസ്, ഇനിയേസ്റ്റ, തിയാഗോ അല്‍കന്താര, ഇസ്‌കോ തുടങ്ങിയവര്‍ കളം മറന്ന് കളിച്ചാല്‍ സ്‌പെയിന് എല്ലാം എളുപ്പമാകും. ക്രിസ്റ്റ്യാനോയെ പ്രതിരോധിക്കുകയായിരിക്കും സ്‌പെയിന്റെ ഏറ്റവും ദുഷ്‌കരമായ ദൗത്യം. അതില്‍ വിജയിച്ചാല്‍ സോച്ചിയില്‍ റാമോസിന്റെ പട പോര്‍ച്ചുഗലിനെ മുട്ടുകുത്തിക്കാനാണ് സാധ്യത.
റയല്‍ മാഡ്രിഡില്‍ ഒന്നിച്ചു കളിക്കുന്ന സെര്‍ജിയോ റാമോസും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ റയല്‍ ആരാധകരും അതിനെ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. ലൈംഗികവിവാദത്തെ തുടര്‍ന്ന് സ്‌പെയിന്‍ പരിശീലകനായിരുന്ന ലോപെറ്റഗുയിയെ തല്‍സ്ഥാനത്തുനിന്ന് ഒഴിവാക്കിയത് സ്‌പെയിന്റെ മുന്നേറ്റത്തെ ബാധിച്ചേക്കാം. രാത്രി 11.30 ന് റഷ്യയിലെ സോച്ചിയില്‍ മത്സരം ആരംഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here