മെക്‌സിക്കന്‍ വിജയഗാഥ രചിച്ച കൈകളും കാലുകളും!!!

നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിയുടെ നെഞ്ചകം പിളര്‍ത്തിയ ലുഷ്‌നിക്കിയിലെ ആ ഗോള്‍. 35-ാം മിനിറ്റിലെ ആ ഒരൊറ്റ ഗോളില്‍ ജര്‍മന്‍ ആരാധകര്‍ കരഞ്ഞു, മെക്‌സിക്കോ ആരാധകര്‍ അവിശ്വസനീയ കാഴ്ച കണ്ടതുപോലെ മരവിച്ചു നിന്നു പോയി. ലോക ചാമ്പ്യന്‍മാര്‍ക്കെതിരെയാണ് ഈ ഗോള്‍ നേടിയിരിക്കുന്നതെന്ന് അവര്‍ക്ക് വിശ്വസിക്കാന്‍ ഏറെ സമയം വേണ്ടി വന്നു. ലോകകപ്പ് ചരിത്രത്തില്‍ ഇരു ടീമുകളും മൂന്ന് തവണയാണ് ഇതിന് മുന്‍പ് ഏറ്റുമുട്ടിയിരിക്കുന്നത്. അതില്‍ മൂന്നിലും ജര്‍മനി വിജയിച്ചു. ഒരു തവണ 6-0 എന്ന വലിയ മാര്‍ജിനിലില്‍ മെക്‌സിക്കോയെ കീഴടക്കിയിട്ടുമുണ്ട്.
ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ച ലുഷ്‌നിക്കിയില്‍ മെക്‌സിക്കോയുടെ വിജയഗാഥ രചിച്ചത് ഹിര്‍വിങ് ലോസാനോയും ഒക്കോവേയും. 35-ാം മിനിറ്റില്‍ വിജയഗോള്‍ നേടിയാണ് ലൊസാനോ താരമായത്. ജര്‍മന്‍ പ്രതിരോധത്തെ പൊളിച്ചടുക്കി ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു ലൊസാനോ.
22-ാം നമ്പര്‍ ജഴ്‌സിയണിഞ്ഞ ലൊസാനോയെ വിജയശില്‍പിയെന്ന് വിശേഷിപ്പിക്കുമ്പോള്‍ മെക്‌സിക്കോയുടെ രക്ഷകനായി വാഴ്ത്തപ്പെടേണ്ട ഒരു താരമുണ്ട് 13-ാം നമ്പര്‍ ജഴ്‌സിയില്‍. ജര്‍മനി – മെക്‌സിക്കോ മത്സരം കണ്ട ആര്‍ക്കും അയാളെ മറക്കാന്‍ സാധിക്കില്ല. അക്ഷരാര്‍ത്ഥത്തില്‍ രക്ഷകവേഷമായിരുന്നു ഒക്കോവ എന്ന കാവല്‍ക്കാരന്. ആദ്യ ഗോള്‍ ലഭിച്ചതിന്റെ സമ്മര്‍ദ്ദത്തില്‍ സമനില ഗോള്‍ നേടാന്‍ വേണ്ടി ജര്‍മനി പഠിച്ച പണി പതിനെട്ടും നോക്കി. എന്നാല്‍, ഒക്കാവോ എന്ന കാവല്‍ക്കാരന്‍ പതറിയില്ല. അയാളുടെ കളിമികവിനെ അഭിനന്ദിക്കാതെ വയ്യ. ജര്‍മനിയുടെ ക്രൂസും മുള്ളറും ഓസിലും വെര്‍ണറുമെല്ലാം ആര്‍ത്തിരമ്പുന്ന തിരമാലയെ പോലെ മെക്‌സിക്കന്‍ ഗോള്‍മുഖത്തേക്ക് ഓടിയെത്തുന്ന നിമിഷം ഒക്കാവോ മെക്‌സിക്കോയുടെ രക്ഷകനാകും. അങ്ങനെ എത്ര എത്ര ഗോള്‍ സാധ്യതകളാണ് ഈ പതിമൂന്നാം നമ്പര്‍ ജഴ്‌സിക്കാരന്‍ ലുഷ്‌നിക്കിയില്‍ തട്ടിയകറ്റിയത്. നിലവിലെ ലോക ചാമ്പ്യന്‍മാരെ വീഴ്ത്തിയതില്‍ നിര്‍ണായക പങ്ക് വഹിച്ച രണ്ട് മെക്‌സിക്കന്‍ താരങ്ങളാണ് ലൊസാനോയും ഒക്കാവോയും!!!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here