Advertisement

കാശ്മീരില്‍ പിഡിപി സഖ്യം ബിജെപി ഉപേക്ഷിച്ചു; മുഫ്തി രാജിവെച്ചെന്ന് സൂചന

June 19, 2018
Google News 0 minutes Read
muftii

ജമ്മു കാശ്മീരില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) യുമായുള്ള സഖ്യം ബിജെപി ഉപേക്ഷിച്ചു. 2014 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആരംഭിച്ച സഖ്യമാണ് കാശ്മീരില്‍ ഭരണം നടത്തികൊണ്ടിരിക്കുന്നത്. കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം കൂടി ശേഷിക്കേയാണ് ബിജെപി സഖ്യത്തില്‍ നിന്ന് പിന്മാറുന്നത്. ഇതേ തുടര്‍ന്ന് കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി (പിഡിപി) മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതായും സൂചന. പിഡിപിയുടെ അടിയന്തയോഗം ഉടന്‍ ചേര്‍ന്നേക്കും.

കാശ്മീരില്‍ അഭിപ്രായസ്വാതന്ത്ര്യം അപകടത്തിലാണെന്ന് ബിജെപി നേതാവ് രാംമാധവ് ആരോപിച്ചു. സംസ്ഥാനത്ത് തീവ്രവാദം വര്‍ധിക്കുന്നതായും ബിജെപി പറയുന്നു. ഇക്കാരണങ്ങളാണ് പിഡിപി സഖ്യത്തില്‍ നിന്ന് പിന്മാറുന്നതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ രാംമാധവ് പറഞ്ഞു. കാശ്മീരില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരണമെന്നും സഖ്യത്തില്‍ നിന്ന് പിന്മാറിയ ശേഷം ബിജെപി അഭിപ്രായപ്പെട്ടിട്ടുണ്ട്. വികസനത്തിനായുള്ള കാര്യങ്ങളെല്ലാം ബിജെപി കാശ്മീരില്‍ ചെയ്തിട്ടുണ്ടെന്നും രാംമാധവ് പറഞ്ഞു.

പിഡിപിക്ക് 2014 തിരഞ്ഞെടുപ്പില്‍ 28 സീറ്റും ബിജെപിക്ക് 25 സീറ്റുമാണ് ലഭിച്ചത്. 87 സീറ്റുകളുള്ള കാശ്മീരില്‍ 44 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളത്. 2014 തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ ബിജെപിയും പിഡിപിയും സഖ്യത്തിലേര്‍പ്പെടുകയായിരുന്നു. ബിജെപി, പിഡിപിയുമായുള്ള സഖ്യം പിന്‍വലിക്കുന്നതോടെ കാശ്മീരിലെ രാഷ്ട്രീയസാഹചര്യം മാറിമറിയും. സീറ്റുകളുടെ എണ്ണത്തില്‍ ജമ്മു കാശ്മീര്‍ നാഷ്ണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയാണ് മൂന്നാമത്. 13 സീറ്റുകളാണ് നാഷ്ണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിക്ക് കാശ്മീരില്‍ ഉള്ളത്. 12 സീറ്റുകളുള്ള കോണ്‍ഗ്രസ് നാലാമതാണ്. ഏഴ് സീറ്റുകളില്‍ സ്വതന്ത്ര്യരാണ് 2014 ല്‍ വിജയിച്ചത്. ബിജെപി സഖ്യം പിന്‍വലിച്ചതോടെ ആരായിരിക്കും കാശ്മീരില്‍ വീണ്ടും അധികാരത്തിലെത്തുക എന്നതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here