ചാഞ്ചാട്ടക്കാരനാണെന്ന സുധീരന്റെ പരാമര്‍ശത്തില്‍ മാണിയ്ക്ക് അമര്‍ഷം

താന്‍ ചാഞ്ചാട്ടക്കാരനാണെന്ന് പരസ്യമായി പറഞ്ഞ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്റെ പരാമര്‍ശം ശരിയായില്ലെന്ന് കെ.എം. മാണി. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് മാണി സുധീരന്റെ പരാമര്‍ശത്തോട് അമര്‍ഷം രേഖപ്പെടുത്തിയത്. എന്നാല്‍, രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് വി.എം. സുധീരന്‍ യുഡിഎഫ് യോഗത്തിലേക്ക് എത്തിയില്ല.
സുധീരനെതിരെ മാണി ആഞ്ഞടിച്ചെങ്കിലും സുധീരന്‍ പറഞ്ഞത് പാര്‍ട്ടി അഭിപ്രായമല്ലെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നും പറഞ്ഞ് എം.എം. ഹസന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മാണിയെ അനുനയിപ്പിച്ചു. സമ്പൂര്‍ണ യുഡിഎഫ് യോഗം കന്റോണ്‍മെന്റ് ഹൗസിലാണ് ഇന്ന് ചേര്‍ന്നത്. താന്‍ ചാഞ്ചാട്ടക്കാരനാണെന്ന സുധീരന്റെ പരാമര്‍ശത്തിനെതിരെ യോഗത്തില്‍ കെഎം മാണി അമര്‍ഷം തുറന്നു പറഞ്ഞു. സുധീരന്‍ യോഗത്തില്‍ വന്നിരുന്നുവെങ്കില്‍ നേരിട്ട് ചോദിക്കുമായിരുന്നുവെന്നും മാണി തുറന്നടിച്ചു.
എല്ലാ പ്രശ്‌നങ്ങളും ഇതോടെ അവസാനിച്ചുവെന്നും ഇനിമുതല്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും നേതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കി. മുന്നണിയില്‍ കേരളാ കോണ്‍ഗ്രസിനുണ്ടായിരുന്ന സ്ഥാനങ്ങള്‍ തിരിച്ചു നല്‍കാനും യോഗം തീരുമാനമെടുത്തു. കേരളകോണ്‍ഗ്രസ് കൂടി മുന്നണിയിലേക്ക് തിരിച്ച് വന്നതോടെ സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിന് വേണ്ടിയാണ് യുഡിഎഫ് നേതൃയോഗം വിളിച്ചു ചേര്‍ത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here