കൊളംബിയയും ജപ്പാനും അകത്ത്; സെനഗലിനെ ഫെയര്‍പ്ലേ ചതിച്ചു

japcol

ഗ്രൂപ്പ് ‘H’ ല്‍ നിന്ന് ചാമ്പ്യന്‍മാരായി കൊളംബിയ പ്രീക്വാര്‍ട്ടറിലേക്ക്. നിര്‍ണായക മത്സരത്തില്‍ സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് കൊംളബിയ പരാജയപ്പെടുത്തി. ഇന്നത്തെ വിജയത്തോടെ കൊളംബിയക്ക് ആറ് പോയിന്റായി. കൊളംബിയയോട് തോല്‍വി ഏറ്റുവാങ്ങിയത് സെനഗലിന് തിരിച്ചടിയായി. നാല് പോയിന്റുമായി സെനഗല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജപ്പാന്‍ പോളണ്ടിനോട് തോല്‍വി ഏറ്റുവാങ്ങി. ജപ്പാനെ കീഴടക്കിയെങ്കിലും പോയിന്റ് പട്ടികയില്‍ മൂന്ന് പോയിന്റ് മാത്രമുള്ള പോളണ്ട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇന്നത്തെ മത്സരത്തില്‍ തോറ്റതോടെ സെനഗലിനും ജപ്പാനും നാല് പോയിന്റായി. ഇരു ടീമുകള്‍ക്കും തുല്യ പോയിന്റായതോടെ ഗോള്‍ ശരാശരിയിലൂടെ പ്രീക്വാര്‍ട്ടറിലേക്ക് എത്തുന്ന രണ്ടാമത്തെ ടീമിനെ നിശ്ചയിക്കണമെന്നാണ് നിയമം. എന്നാല്‍, ഇരു ടീമുകള്‍ക്കും ഒരേ ഗോള്‍ ശരാശരിയായിരുന്നു ഗ്രൂപ്പ് ഘട്ടത്തില്‍. പോയിന്റിലും ഗോള്‍ ശരാശരിയിലും ഇരു ടീമുകളും തുല്യമായതോടെ ഫിഫ ഫെയര്‍പ്ലേയുടെ സഹായം തേടി. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് മഞ്ഞ കാര്‍ഡുകള്‍ മാത്രമാണ് ജപ്പാന്‍ വഴങ്ങിയത്. എന്നാല്‍, സെനഗല്‍ ആറ് മഞ്ഞ കാര്‍ഡുകള്‍ വഴങ്ങിയിരുന്നു. കൂടുതല്‍ മഞ്ഞകാര്‍ഡുകള്‍ വഴങ്ങിയ ടീം ആയതിനാല്‍ സെനഗല്‍ ലോകകപ്പില്‍ നിന്ന് പുറത്താകുകയായിരുന്നു. ഫെയര്‍പ്ലേ ആനുകൂല്യത്തില്‍ ജപ്പാന്‍ ഗ്രൂപ്പിലെ രണ്ടാമന്‍മാരായി ക്വാര്‍ട്ടറിലേക്ക്.

എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കൊളംബിയ സെനഗല്‍ കരുത്തിനെ കീഴടക്കിയത്. 74-ാം മിനിറ്റില്‍ യെറി മിനായാണ് കൊളംബിയയുടെ വിജയഗോള്‍ സ്വന്തമാക്കിയത്. ഇന്ന് 11.30 ന് നടക്കുന്ന ഇംഗ്ലണ്ട് – ബെല്‍ജിയം മത്സരത്തില്‍ തോല്‍ക്കുന്നവര്‍ പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ നേരിടും.

മറ്റൊരു മത്സരത്തില്‍ ജപ്പാനെതിരെ ആശ്വാസജയവുമായാണ് പോളണ്ട് നാട്ടിലേക്ക് മടങ്ങുന്നത്. മത്സരത്തിന്റെ 59-ാം മിനിറ്റില്‍ ബെഡ്‌നാരെക്കാണ് പോളണ്ടിനായി വിജയഗോള്‍ നേടിയത്. മത്സരത്തില്‍ തോറ്റെങ്കിലും ജപ്പാന്‍ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. ഇംഗ്ലണ്ട് – ബെല്‍ജിയം മത്സരത്തിലെ വിജയികളാണ് പ്രീക്വാര്‍ട്ടറില്‍ ജപ്പാന് എതിരാളികള്‍.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More