ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍; ഇംഗ്ലണ്ട് രണ്ടാമത് (വീഡിയോ കാണാം)

ഗ്രൂപ്പ് ‘ജി’യില്‍ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന മത്സരത്തില്‍ ബെല്‍ജിയം ഇംഗ്ലണ്ടിനെ ഏതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് 9 പോയിന്റാണ് ബെല്‍ജിയം സ്വന്തമാക്കിയത്. ആറ് പോയിന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത്.

ഇരു ടീമുകളും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ശേഷമാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങിയത്. അതിനാല്‍ തണുത്തറഞ്ഞ മത്സരമായിരുന്നു ഫുട്‌ബോള്‍ ആരാധകര്‍ കാലിനിന്‍ഗ്രാഡില്‍ കണ്ടത്. ബെല്‍ജിയത്തിന് വേണ്ടി വിജയഗോള്‍ നേടിയത് അഡ്‌നാന്‍ ജനുസായിയാണ്‌. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ബെല്‍ജിയം ഇംഗ്ലണ്ടിന്റെ വല ചലിപ്പിച്ചത്. ഇംഗ്ലണ്ടിന്റെ ബോക്‌സിനുള്ളില്‍ രണ്ട് ഇംഗ്ലീഷ് താരങ്ങളെ ഡ്രിബിള്‍ ചെയ്ത് ലെഫ്റ്റ് ഫൂട്ടര്‍ ഷോട്ടിലൂടെ ഗോള്‍ നേടുകയായിരുന്നു ജനുസായി. കളിക്കളത്തില്‍ ഇംഗ്ലണ്ടിനേക്കാള്‍ ആധിപത്യം പുലര്‍ത്തിയത് ബെല്‍ജിയം തന്നെയായിരുന്നു.

പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയം ജപ്പാനെ നേരിടും. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിലില്‍ കൊളംബിയയെയാണ് നേരിടുക. ഗ്രൂപ്പ് ജിയില്‍ നിന്ന് നേരത്തേ പുറത്തായ പനാമയും ടുണീഷയും ഏറ്റുമുട്ടിയപ്പോള്‍ വിജയം ടുണീഷ്യക്കൊപ്പമായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടുണീഷ്യ വിജയിച്ചത്. ഇരു ടീമുകളും ലോകകപ്പില്‍ നിന്ന് പുറത്തായികഴിഞ്ഞതിനാല്‍ മത്സരം നിര്‍ണായകമായിരുന്നില്ല.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More