Advertisement

അര്‍ജന്റീനയുടെ നെഞ്ചത്ത് ‘ഫ്രഞ്ച്’ വിപ്ലവം; മെസിപ്പട ലോകകപ്പില്‍ നിന്ന് പുറത്ത് (4-3) വീഡിയോ

June 30, 2018
Google News 18 minutes Read

ലോകകപ്പില്‍ മുത്തമിടാന്‍ സാധിക്കാതെ മെസി നാട്ടിലേക്ക് മടങ്ങുന്നു. അര്‍ജന്റീനയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫ്രഞ്ച് വിപ്ലവം. ഫ്രാന്‍സിന്റെ വേഗപ്പൂട്ട് പൊളിക്കാന്‍ കഴിയാതെ മെസിയും കൂട്ടാളികളും കസാനില്‍ തലകുനിച്ചു. 32 വര്‍ഷത്തെ ലോകകപ്പിനായുള്ള കാത്തിരിപ്പ് അര്‍ജന്റീന ഇനിയും തുടരും…കളിക്കളത്തില്‍ ഫ്രാന്‍സ് താരങ്ങള്‍ അതിവേഗ മുന്നേറ്റങ്ങള്‍ നടത്തിയപ്പോള്‍ നീലപ്പടയുടെ പ്രതിരോധം നോക്കുകുത്തിയായി. മെസി മൈതാനത്ത് മുഖം താഴ്ത്തിയപ്പോള്‍ കെയ്‌ലിന്‍ എംബാപ്പെ എന്ന 19-കാരന്‍ നെഞ്ച് വിരിച്ച് കളം നിറഞ്ഞു. ഫ്രാന്‍സിന് വേണ്ടി രണ്ട് ഗോളുകളാണ് എംബാപ്പെ സ്വന്തമാക്കിയത്.

മത്സരത്തിന്റെ 13-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയാണ് ഫ്രാന്‍സ് ലീഡ് സ്വന്തമാക്കിയത്. പന്തുമായി അതിവേഗം മുന്നേറുന്ന ഫ്രാന്‍സ് താരങ്ങളെ മറികടക്കാന്‍ അര്‍ജന്റീന താരങ്ങള്‍ക്ക് സാധിക്കുന്നില്ല. 11-ാം മിനിറ്റില്‍ പന്തുമായി അതിവേഗം മുന്നേറിയ എംബാപ്പെയെ അര്‍ജന്റീനയുടെ മാര്‍ക്കസ് റോഹോ പെനല്‍റ്റി ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ലഭിച്ച പെനല്‍റ്റി ആനുകൂല്യം അന്റോയ്ന്‍ ഗ്രീസ്മാന്‍ ഗോള്‍ പോസ്റ്റിലെത്തിച്ചു.

41-ാം മിനിറ്റിലാണ് അര്‍ജന്റീനയുടെ മറുപടി ഗോള്‍ പിറന്നത്. ആദ്യ ഗോള്‍ വഴങ്ങിയ ശേഷം അര്‍ജന്റീന ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതൊന്നും വിജയത്തിലെത്തിക്കാന്‍ മെസിക്കും കൂട്ടര്‍ക്കും സാധിച്ചില്ല. എന്നാല്‍, മത്സരത്തിന്റെ ആദ്യ പകുതി പൂര്‍ത്തിയാകും മുന്‍പ് ഡി മരിയ അര്‍ജന്റീനയുടെ സമ്മര്‍ദ്ദം കുറച്ച് ഫ്രാന്‍സിന്റെ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഏയ്ഞ്ചല്‍ ഡി മരിയ അര്‍ജന്റീനയുടെ മാലാഖയായി…ഫ്രാന്‍സിനുള്ള മറുപടി ഗോള്‍ മത്സരത്തിന്റെ 41-ാം മിനിറ്റില്‍ പിറന്നു. അര്‍ജന്റീനയ്ക്ക് ലഭിച്ച ത്രോ ബോള്‍ എവര്‍ ബനേഗയിലൂടെ 11-ാം നമ്പര്‍ താരം ഏയ്ഞ്ചല്‍ ഡി മരിയയിലേക്ക്. ഫ്രഞ്ച് പോസ്റ്റ് ലക്ഷ്യം വെച്ചുള്ള ഡി മരിയയുടെ ലോംഗ് റേഞ്ചര്‍ അര്‍ജന്റീനയ്ക്ക് സമനില ഗോള്‍ സമ്മാനിച്ചു. എവര്‍ ബനേഗയുടെ മുന്നേറ്റമാണ് അര്‍ജന്റീനയെ തുണച്ചത്.

ആദ്യ പകുതിയിലെ 1-1 ന് ശേഷം ആദ്യം ലീഡ് ഉയര്‍ത്തിയത് അര്‍ജന്റീനയായിരുന്നു. 48-ാം മിനിറ്റില്‍ ഡിഫ്‌ളക്ഷന്‍ ഷോട്ടാണ് അര്‍ജന്റീനയെ തുണച്ചത്. ഫ്രീകിക്കിലൂടെ ലഭിച്ച പന്ത് ലെയണല്‍ മെസി ഫ്രാന്‍സിന്റെ പോസ്റ്റ് ലക്ഷ്യം വെച്ച് തട്ടിയെങ്കിലും പന്ത് ഗബ്രിയേല്‍ മെര്‍ക്കാഡോയുടെ കാലില്‍ തട്ടുകയായിരുന്നു. മെര്‍ക്കാഡോയുടെ കാലില്‍ തട്ടിയതോടെ പന്തിന്റെ ദിശ മാറി. മെസിയുടെ ഷോട്ട് ലക്ഷ്യം വെച്ച് ഫ്രഞ്ച് ഗോളി ചാടിയെങ്കിലും പന്ത് മെര്‍ക്കാഡോയുടെ കാലില്‍ തട്ടിയത് അര്‍ജന്റീനയുടെ രണ്ടാം ഗോളിലേക്ക് വഴിതെളിച്ചു.

ഏറെ കഴിയും മുന്‍പ് ഫ്രാന്‍സ് തിരിച്ചടിച്ചു. 58-ാം മിനിറ്റിലായിരുന്നു ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍. ബെഞ്ചമിന്‍ പൊവാര്‍ഡാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. റഷ്യന്‍ ലോകകപ്പിലെ മികച്ച ഗോളുകളുടെ പട്ടികയിലേക്ക് പൊവാര്‍ഡിന്റെ സുന്ദരമായ ഗോള്‍.

രണ്ടാം ഗോളിന് പിന്നാലെ ഫ്രാന്‍സ് അടുത്ത ഗോളും സ്വന്തമാക്കി. കൈലിയന്‍ എംബാപ്പെയാണ് ഇത്തവണ ഫ്രാന്‍സിന്റെ ഗോള്‍ വേട്ടക്കാരന്‍. 63-ാം മിനിറ്റില്‍ എംബാപ്പെ നേടിയ ഗോള്‍ അര്‍ജന്റീന ഗോളിയുടെ പിഴവില്‍ നിന്നായിരുന്നു. ഒരു ഗോളിന്റെ ലീഡ് സ്വന്തമാക്കിയ ശേഷം വീണ്ടും അര്‍ജന്റീനയുടെ പോസ്റ്റ് തന്നെയായിരുന്നു ഫ്രാന്‍സിന്റെ ലക്ഷ്യം. കൂടുതല്‍ ആക്രമിച്ച് കളിക്കുകയായിരുന്നു ഫ്രഞ്ച് താരങ്ങള്‍. 63-ാം മിനിറ്റില്‍ അര്‍ജന്റീനയെ ഞെട്ടിച്ച എംബാപ്പെ 68-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ലീഡ് ഉയര്‍ത്തി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഫ്രാന്‍സ് മുന്‍പില്‍.

രണ്ടിനെതിരെ നാല് ഗേളുകള്‍ക്ക് പിന്നിലായതോടെ അര്‍ജന്റീന സമ്മര്‍ദ്ദത്തിലായി. രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനോട് തോറ്റ് പുറത്താകുമെന്ന സാഹചര്യത്തില്‍ അര്‍ജന്റീനയുടെ ആശ്വാസഗോള്‍ പിറന്നു. 90+2 മിനിറ്റില്‍ മെസി നല്‍കിയ പാസ് ഹെഡറിലൂടെ ഫ്രാന്‍സിന്റെ ഗോള്‍ വലയിലെത്തിക്കുകയായിരുന്നു സെര്‍ജിയോ അഗ്വീറോ. ഒരു ഗോള്‍ കൂടി സ്വന്തമാക്കി സമനില വഴങ്ങാന്‍ അര്‍ജന്റീന ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിര്‍ണായക സമയത്ത് ലഭിച്ച രണ്ട് അവസരങ്ങള്‍ മെസിയുടെ കാലില്‍ നിന്ന് പിഴച്ചതും അര്‍ജന്റീനയ്ക്ക് വിനയായി. കസാനില്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ അര്‍ജന്റീന ലോകകപ്പില്‍ നിന്ന് പുറത്ത്. രാജ്യത്തിന് വേണ്ടി ലോകകപ്പ് നേടാന്‍ സാധിക്കാത്ത താരമെന്ന ദുഷ്‌പേര് മാറ്റിയെടുക്കാന്‍ കഴിയാതെ ലെയണല്‍ മെസിയെന്ന ഇതിഹാസതാരം തലകുനിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here