Advertisement

കവാനി കരുത്തില്‍ പോര്‍ച്ചുഗല്‍ വീണു!!! ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സ്‌ എതിരാളികള്‍ (വീഡിയോ)

July 1, 2018
Google News 17 minutes Read

ഏത് സെക്കന്‍ഡിലും അത്ഭുതം കാണിക്കുന്ന ആ പാദങ്ങള്‍ സോച്ചിയില്‍ നിശബ്ദമായി. ലോകകപ്പ് സ്വപ്‌നത്തിന് മുന്‍പില്‍ ഇതിഹാസ താരം മെസി വീണതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും നിലംപരിശായി.


പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഉറുഗ്വായ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പറങ്കിപ്പടയെ തോല്‍പ്പിച്ചത്. ഉറുഗ്വായ്ക്ക് വേണ്ടി രണ്ട് ഗോളുകളും സ്വന്തമാക്കിയത് എഡിന്‍സന്‍ കവാനിയായിരുന്നു. പെപ്പെയുടെ വകയായിരുന്നു പോര്‍ച്ചുഗലിന്റെ ആശ്വാസഗോള്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പലപ്പോഴും കാഴ്ചക്കാരനായപ്പോള്‍ കളിക്കളത്തില്‍ ഉറുഗ്വായ് സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തി. രണ്ടാം പകുതിയില്‍ പെപ്പെയിലൂടെ ഗോള്‍ നേടി സമനില പിടിച്ചെങ്കിലും അതിന് ഏറെ ആയുസുണ്ടായില്ല. ആദ്യ ഗോളിന് ശേഷവും മത്സരത്തിന്റെ അവസാന മിനിറ്റുകളിലും പോര്‍ച്ചുഗല്‍ ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സുശക്തമായ ഉറുഗ്വായുടെ പ്രതിരോധനിര ഉറച്ചുനിന്നു. മുന്നേറ്റത്തില്‍ റൊണാള്‍ഡോയെ സഹായിക്കാന്‍ കഴിവുള്ള താരങ്ങളില്ലാതെ പോയതും പോര്‍ച്ചുഗലിന് വിനയായി.

മത്സരഫലം ഉറുഗ്വായ് 2 – പോര്‍ച്ചുഗല്‍ 1. ആറാം തിയതി നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സായിരിക്കും ഉറുഗ്വായുടെ എതിരാളികള്‍.

മത്സരത്തില്‍ ആദ്യ ഗോള്‍ സ്വന്തമാക്കിയത് ഉറുഗ്വായാണ്. അതിഗംഭീരം എന്ന മികച്ച വാക്കുകൊണ്ടല്ലാതെ അളക്കാന്‍ പറ്റാത്ത ഗോളാണ് ഉറുഗ്വായ് മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ സ്വന്തമാക്കിയത്. എഡിന്‍സന്‍ കവാനിയാണ് ഗോള്‍ സ്വന്തമാക്കിയത്. ലൂയി സുവാരസ് ഉയര്‍ത്തി നല്‍കിയ പന്ത് വായുവില്‍ പറന്ന് ഹെഡ് ചെയ്യുകയായിരുന്നു കവാനി ചെയ്തത്. കവാനി തന്നെ നല്‍കിയ പാസാണ് സുവാരസ് ഗോള്‍ പോസ്റ്റിനരികില്‍ വെച്ച് മടക്കി നല്‍കിയത്.

ആദ്യ പകുതിയില്‍ ഉറുഗ്വായ് നേടിയ ഗോളിന് പോര്‍ച്ചുഗലിന്റെ മറുപടി രണ്ടാം പകുതിയില്‍. മത്സരത്തിന്റെ 55-ാം മിനിറ്റില്‍ പെപ്പെയാണ് പോര്‍ച്ചുഗലിന് വേണ്ടി സമനില ഗോള്‍ സ്വന്തമാക്കിയത്. പോര്‍ച്ചുഗലിന് അനുകൂലമായ കോര്‍ണര്‍ കിക്ക് ഹെഡറിലൂടെ ഗോള്‍ വലയിലെത്തിക്കുകയായിരുന്നു പെപ്പെ. റാഫേല്‍ ഗ്വരയ്‌റോ ഉയര്‍ത്തി നല്‍കിയ പന്തായിരുന്നു പെപ്പെയിലൂടെ ലക്ഷ്യത്തിലെത്തിച്ചത്.

എന്നാല്‍, സമനിലയെ പിളര്‍ത്തി വീണ്ടും ഉറുഗ്വായ് ലീഡ് ഉയര്‍ത്തി. ഏഴാം മിനിറ്റില്‍ ആദ്യ ഗോള്‍ സ്വന്തമാക്കിയ എഡിന്‍സന്‍ കവാനി തന്നെയാണ് ഇത്തവണയും ഉറുഗ്വായുടെ സ്‌കോറര്‍. മത്സരത്തിന്റെ 62-ാം മിനിറ്റില്‍ അതിവേഗ മുന്നേറ്റത്തിലൂടെ ഗോള്‍ സ്വന്തമാക്കുകയായിരുന്നു കവാനി.

70-ാം മിനിറ്റില്‍ പരിക്കിനെ തുടര്‍ന്ന് കവാനി കളിക്കളം വിട്ടു. കവാനിയെ പിന്തുണച്ച് സുവാരസ് മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ പകുതിയില്‍ ലഭിച്ച ഫ്രീകിക്ക് സുവാരസിന്റെ കയ്യൊപ്പ് പതിഞ്ഞതായിരുന്നു. രണ്ടാം പകുതിയുടെ അവസാനത്തില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും പോര്‍ച്ചുഗല്‍ പരാജയപ്പെട്ടു. 6-ാം തിയതി രാത്രി 7.30ന് നിഷ്‌നിയിലാണ് ഫ്രാന്‍സ് – ഉറുഗ്വായ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here