Advertisement

പെനാല്‍റ്റി ചതിച്ചു; ഡെന്‍മാര്‍ക്ക് പുറത്ത് (1-1) (3-2)

July 2, 2018
Google News 16 minutes Read

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഡെന്‍മാര്‍ക്കിനെ പുറത്താക്കി ക്രൊയേഷ്യ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനില പിടിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. എന്നാല്‍, എക്‌സ്ട്രാ ടൈമിലും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. തുടര്‍ന്ന് ജേതാക്കളെ നിശ്ചയിക്കുന്നതിനായി മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഇരു ടീമുകളുടെയും രണ്ട് വീതം കിക്കുകള്‍ ലക്ഷ്യത്തിലെത്തുകയും രണ്ട് വീതം കിക്കുകള്‍ പാഴാകുകയും ചെയ്തതോടെ അവസാന പെനാല്‍റ്റി കിക്ക് നിര്‍ണായകമായി.

ഡെന്‍മാര്‍ക്കിന്റെ അവസാന കിക്ക് ക്രൊയേഷ്യയുടെ ഗോളി ഡാനിയേല്‍ സുബഹിച്ച് മികച്ച ഡൈവിലൂടെ തടുത്തിട്ടു. ക്രൊയേഷ്യയുടെ അവസാന കിക്ക് ഇവാന്‍ റാക്ടിച്ചിന്റെ കാലിലൂടെ ലക്ഷ്യത്തിലേക്ക്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ച് ക്രൊയേഷ്യ ലോകകപ്പ് ക്വാര്‍ട്ടറിലേക്ക്. ഡെന്‍മാര്‍ക്കിന്റെ മൂന്ന് കിക്കുകള്‍ തടുത്തിട്ട ഗോള്‍ കീപ്പര്‍ ഡാനിയേല്‍ സുബഹിച്ചാണ് ക്രൊയേഷ്യയുടെ വിജയശില്‍പ്പി.

ഏഴാം തിയതി സോച്ചിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ റഷ്യയായിരിക്കും ക്രൊയേഷ്യയുടെ എതിരാളികള്‍. രാത്രി 11.30 നാണ് മത്സരം നടക്കുക.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ഇരു ടീമുകളും ഗോള്‍ കണ്ടെത്തിയെങ്കിലും പിന്നീട് എതിര്‍ടീമിന്റെ ഗോള്‍ വല ചലിപ്പിക്കാന്‍ ഇരുകൂട്ടര്‍ക്കും സാധിച്ചില്ല. മത്സരത്തിന്റെ 58-ാം സെക്കന്‍ഡിലാണ് ഡെന്‍മാര്‍ക്കിന്റെ ഗോള്‍. എന്നാല്‍, ആദ്യ ഗോളിന്റെ ആഘോഷങ്ങള്‍ തീരും മുന്‍പ് ഡെന്‍മാര്‍ക്കിന് ക്രൊയേഷ്യയുടെ ചൂടന്‍ മറുപടി. 3 മിനിറ്റ് 40 സെക്കന്‍ഡ് പിന്നിട്ടപ്പോഴാണ് ക്രൊയേഷ്യയുടെ മറുപടി ഗോള്‍ പിറന്നത്. മത്തിയാസ് ജോര്‍ഗെന്‍സനാണ് ഡെന്‍മാര്‍ക്കിന് വേണ്ടി 58-ാം സെക്കന്‍ഡില്‍ ഗോല്‍ നേടിയത്. മത്തിയാസിന്റെ ഷോട്ട് ക്രൊയേഷ്യന്‍ ഗോളിയുടെ കയ്യില്‍ തട്ടി പോസ്റ്റിലേക്ക് പോകുകയായിരുന്നു. ക്രൊയേഷ്യയ്ക്ക് വേണ്ടി ഗോള്‍ സ്വന്തമാക്കിയത് 17-ാം നമ്പര്‍ താരം മാന്‍ഡ്‌സൂക്കിച്ച് ആയിരുന്നു. ഡെന്‍മാര്‍ക്കിന്റെ പ്രതിരോധനിരയ്ക്ക് സംഭവിച്ച പിഴവില്‍ നിന്നായിരുന്നു ക്രൊയേഷ്യയുടെ ആദ്യ ഗോള്‍.

എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ മുന്നേറ്റതാരം റെബിച്ചിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ക്രൊയേഷ്യയ്ക്ക് അനുകൂലമായ പെനല്‍റ്റി ലഭിച്ചിരുന്നു. എന്നാല്‍, പെനല്‍റ്റി എടുത്ത ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here