ലോകേഷ് രാഹുലിന് ശതകം; ആദ്യ ട്വന്റി 20 യില്‍ ഇന്ത്യയ്ക്ക് ജയം

ഇംഗ്ലണ്ട് – ഇന്ത്യ ആദ്യ ട്വന്റി 20 മത്സരത്തില്‍ ആതിഥേയര്‍ക്ക് തോല്‍വി. എട്ട് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 1-0 ത്തിന് ലീഡ് ചെയ്യുന്നു. നിശ്ചിത 20 ഓവറില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 160 റണ്‍സ് എന്ന വിജയലക്ഷ്യം 18.2 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 54 പന്തുകളില്‍ നിന്ന് പുറത്താകാതെ 101 റണ്‍സ് നേടിയ ലോകേഷ് രാഹുലാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. പത്ത് ഫോറും 5 സിക്‌സറും അടങ്ങിയതാണ് രാഹുലിന്റെ ഇന്നിംഗ്‌സ്. ശിഖര്‍ ധവാന്‍ നാല് റണ്‍സും രോഹിത് ശര്‍മ 32 റണ്‍സ് നേടി പുറത്തായി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 20 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍ 46 പന്തില്‍ നിന്ന് 69 റണ്‍സ് നേടി ഇംഗ്ലീഷ് നിരയുടെ ടോപ് സ്‌കോററായി. 4 ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 159 റണ്‍സില്‍ ഒതുക്കിയത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി. ടോസ് ലഭിച്ച ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here