Advertisement

ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍; കൊളംബിയ വീണത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (1-1) (4-3)

July 4, 2018
Google News 15 minutes Read

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ട് റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ വീതം ഗോളുകള്‍ സ്വന്തമാക്കി സമനില പിടിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ കളിക്കളത്തിലെ സമ്പൂര്‍ണ ആധിപത്യം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. 35 മിനിറ്റുകള്‍ പിന്നിട്ട ശേഷമാണ് കൊളംബിയ ഇംഗ്ലണ്ടിനൊപ്പമെത്താല്‍ ശ്രമിച്ച് തുടങ്ങിയത്. കളിക്കളത്തിലെ ആക്രമണത്തിനൊപ്പം കൊളംബിയ കയ്യാങ്കളിയിലൂടെയും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചു. ആദ്യ പകുതിയുടെ അവസാനത്തോടെ കൊളംബിയ മത്സരത്തിലേക്ക് തിരിച്ചുവന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചു. ഏറ്റവും കൂടുതല്‍ മുന്നേറ്റം ഇംഗ്ലണ്ടിന്റെ ഭാഗത്തുനിന്നായിരുന്നു. മത്സരം പുരോഗമിക്കുന്നതിനോടൊപ്പം കളിക്കളത്തില്‍ കയ്യാങ്കളിയും അരങ്ങേറി. കൊളംബിയ ആക്രമിച്ച് കളിക്കുന്നതിനൊപ്പം ഫൗളുകളിലൂടെയും മുന്നേറി. ഹാരി കെയ്‌നായിരുന്നു കൊളംബിയയുടെ ഫൗളുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയായത്. കൊളംബിയയുടെ അമിത ആക്രമണോത്സുകത ഒടുവില്‍ അവര്‍ക്ക് തന്നെ വിനയായി.

ഇംഗ്ലണ്ടിന് അനുകൂലമായ കോര്‍ണര്‍ കിക്കിന്റെ സമയത്ത് ഹെഡറിനായി ശ്രമിച്ച ഹാരി കെയ്‌നെ കൊളംബിയ താരം കാര്‍ലോസ് സാഞ്ചസ് പെനാല്‍റ്റി ബോക്‌സില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനെ തുടര്‍ന്ന് റഫറി പെനാല്‍റ്റി അനുവദിച്ചു, സാഞ്ചസിന് മഞ്ഞ കാര്‍ഡും. മത്സരത്തിന്റെ 57-ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനായി ഗോള്‍ സ്‌കോര്‍ ചെയ്തു. റഷ്യന്‍ ലോകകപ്പിലെ ആറാം ഗോളായിരുന്നു ഹാരി കെയ്ന്‍ കെളംബിയക്കെതിരെ സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ആദ്യ ഗോള്‍ നേടിയതോടെ പ്രതിരോധത്തിലായ കെളംബിയ കൂടുതല്‍ ആക്രമിച്ച് കളിച്ചു. ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്താനായി ഹാരി കെയ്‌നിലൂടെ പലപ്പോഴായി ചില മുന്നേറ്റങ്ങള്‍ നടത്തി. മറുവശത്ത് കൊളംബിയ പ്രതിരോധവും ശക്തിപ്പെടുത്തി. ഇംഗ്ലണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് വിജയിക്കുമെന്ന് ഉറപ്പായപ്പോള്‍ കൊളംബിയയുടെ രക്ഷകനായി 13-ാം നമ്പര്‍ താരം യെറി മിന എത്തി. 57-ാം മിനിറ്റില്‍ ഇംഗ്ലണ്ട് നായകന്‍ നേടിയ പെനാല്‍റ്റി ഗോളിന് ഇന്‍ജുറി ടൈമിലായിരുന്നു കൊളംബിയയുടെ തിരിച്ചടി. അവസാന വിസില്‍ മുഴങ്ങാന്‍ 2 മിനിറ്റ് മാത്രം ശേഷിക്കേ യെറി മിന കൊളംബിയയുടെ നിര്‍ണായക ഗോള്‍ സ്വന്തമാക്കിയത്. ഉജ്ജ്വലമായ ഒരു ഹെഡര്‍ ഗോളായിരുന്നു യെറി മിനയുടേത്. സമനിലയിലായതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക്.

എക്‌സ്ട്രാ സമയത്തേക്ക് മത്സരം നീങ്ങിയപ്പോള്‍ കൊളംബിയ കൂടുതല്‍ ശക്തരായി. ഇംഗ്ലണ്ട് പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എക്‌സ്ട്രാ ടൈമിലേക്ക് മത്സരം നീങ്ങിയിട്ടും ഗോളുകളൊന്നും പിറന്നില്ല. വിജയിയെ നിര്‍ണയിക്കാന്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here