Advertisement

കണ്ണീരണിഞ്ഞ് ഉറുഗ്വായ്; ഫ്രാന്‍സ് സെമിയില്‍ (2-0) വീഡിയോ

July 6, 2018
13 minutes Read

റഷ്യന്‍ ലോകകപ്പ് വേദിയില്‍ നിന്ന് ഉറുഗ്വായ് പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രഞ്ച് മുന്നേറ്റത്തെ ചെറുക്കാന്‍ സാധിക്കാതെ സുവാരസും സംഘവും നാട്ടിലേക്ക് മടങ്ങുന്നു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സ് ഉറുഗ്വായെ പരാജയപ്പെടുത്തിയത്. പരിക്ക് മൂലം കളത്തിലിറങ്ങാതിരുന്ന എഡിന്‍സന്‍ കവാനിയുടെ അസാന്നിധ്യം ഉറുഗ്വായെ തുടക്കം മുതലേ വലച്ചിരുന്നു. ആദ്യം മുതലേ ഏകപക്ഷീയമായിരുന്നു മത്സരം. ഫ്രാന്‍സിന്റെ മുന്നേറ്റത്തിന് തടയിടാന്‍ സാധിക്കാതെ ഉറുഗ്വായ് പ്രതിരോധത്തിലാകുകയായിരുന്നു തുടക്കം മുതലേ. ഫ്രഞ്ച് പോസ്റ്റിലേക്ക് മുന്നേറി കളിക്കാന്‍ ഉറുഗ്വായ്ക്ക് സാധിച്ചതുമില്ല.

ആക്രമിച്ച് കളിക്കുകയാണ് ഫ്രാന്‍സ് ആദ്യ മിനിറ്റ് മുതല്‍ ചെയ്തിരുന്നത്. പ്രതിരോധത്തിലൂന്നിയ പ്രകടനമാണ് ഉറുഗ്വായ് നടത്തിയത്. മുന്നേറ്റ നിരയില്‍ സൂപ്പര്‍താരം കവാനിയുടെ അഭാവം ഉറുഗ്വായെ തളര്‍ത്തി. പന്ത് കാലിലെത്തുമ്പോഴും ആക്രമിച്ച് മുന്നേറാന്‍ ഉറുഗ്വായ് താരങ്ങള്‍ക്ക് സാധിച്ചില്ല. ഫ്രാന്‍സിന്റെ മുന്നേറ്റത്തെ പ്രതിരോധിക്കുക മാത്രമാണ് ഉറുഗ്വായ് ആദ്യ പകുതിയില്‍ ചെയ്തിരുന്നത്.

ഉറുഗ്വായുടെ പ്രതിരോധത്തെ കീറിമുറിച്ച് ഫ്രാന്‍സ് ആദ്യ ഗോള്‍ സ്വന്തമാക്കി. മത്സരത്തിന്റെ 40-ാം മിനിറ്റില്‍ ഉറുഗ്വായ് പ്രതിരോധ നിരയെ കബളിപ്പിച്ച് ഫ്രാന്‍സിന്റെ നാലാം നമ്പര്‍ താരം റാഫേല്‍ വരാനെയാണ് ഉജ്ജ്വലമായ ഹെഡറിലൂടെ ഗോള്‍ നേടിയത്. അന്റോയ്ന്‍ ഗ്രീസ്മാന്റെ ഫ്രീകിക്കാണ് കൗശലപൂര്‍വം ഹെഡ് ചെയ്ത് വരാനെ ഗോള്‍ വലയിലെത്തിച്ചത്.

40-ാം മിനിറ്റിലെ വരാനെയുടെ ഹെഡ്ഡര്‍ ഗോള്‍ ഉറുഗ്വായെ പ്രതിരോധത്തിലാക്കി. ഫ്രാന്‍സ് എതിരില്ലാത്ത ഗോളിന് ലീഡ് ചെയ്യുന്നത് ഉറുഗ്വായ് ആരാധകരെയും തളര്‍ത്തി. സമനില ഗോളിനായി ഉറുഗ്വായ് താരങ്ങള്‍ പരിശ്രമിക്കാന്‍ തുടങ്ങി. മൂന്ന്‌ മിനിറ്റുകള്‍ക്ക് ശേഷം ഉറുഗ്വായെ തേടി ഒരു സുവര്‍ണാവസരം എത്തി. ഒരു ഹെഡ്ഡറിലൂടെ തന്നെ ഗോള്‍ നേടാനായി ഉറുഗ്വായുടെ കാസറെസിന്റെ ശ്രമമായിരുന്നു അത്. എന്നാല്‍, ലോറിസ് ആ ശ്രമത്തെ മികച്ചൊരു ഡൈവിലൂടെ പ്രതിരോധിച്ചു. ലോറിസിന്റെ കൈ തട്ടി തിരിച്ചുവന്ന പന്ത് വീണ്ടും ലക്ഷ്യത്തിലെത്തിക്കാന്‍ ഉറുഗ്വായ് നായകന്‍ ഗോഡിനും അവസരം ലഭിച്ചു. എന്നാല്‍, പന്ത് പുറത്തേക്ക് അടിച്ചുകളയുകയായിരുന്നു ഗോഡിന്‍ ചെയ്തത്.

മത്സരം രണ്ടാം പകുതിയിലേക്കെത്തിയപ്പോള്‍ ഫ്രാന്‍സ് ആധിപത്യം തുടരുന്ന കാഴ്ചയാണ് കണ്ടത്. ഉറുഗ്വായ് ഗോള്‍ കീപ്പര്‍ മുസ്‌ലേരയുടെ പിഴവില്‍ നിന്നാണ് ഫ്രാന്‍സ് രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. അന്റോയ്ന്‍ ഗ്രീസ്മാന്‍ ഉറുഗ്വായ് പോസ്റ്റിലേക്ക് തൊടുത്തുവിട്ട ദുര്‍ബലമായ ഷോട്ട് മുസ്‌ലേരയുടെ കയ്യിലൊതുങ്ങിയില്ല. ഷോട്ട് കയ്യില്‍ തട്ടി ഗോള്‍ പോസ്റ്റിലേക്ക് തെറിക്കുകയായിരുന്നു. ടൊളീസോയുടെ പാസില്‍ നിന്നായിരുന്നു ഗ്രീസ്മാന്റെ ഷോട്ട്. മത്സരം പുരോഗമിക്കുമ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് മുന്‍പില്‍.

രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന ശേഷവും ഫ്രാന്‍സ് ആക്രമണം തുടര്‍ന്നു. ഉറുഗ്വായ് കൂടുതല്‍ ദുര്‍ബലരാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ചില ഒറ്റപ്പെട്ട അവസരങ്ങള്‍ ലഭിച്ചപ്പോള്‍ അത് ലക്ഷ്യത്തിലെത്തിക്കാന്‍ ഉറുഗ്വായ്ക്ക് സാധിക്കാതെ പോയി. ഒരു ഗോള്‍ പോലും തിരിച്ചടിക്കാനാവാതെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ഉറുഗ്വായുടെ ആകാശനീലിമ കണ്ണീരില്‍ കുതിര്‍ന്ന കാഴ്ചയാണ് കണ്ടത്. ഉറുഗ്വായെ കീഴടക്കി ഫ്രാന്‍സ് സെമി ഫൈനലിലേക്ക്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top