“ഞങ്ങള്‍ ശക്തരാണ്, പുറത്തെത്തിയാല്‍ ഇറച്ചിയും പച്ചക്കറികളും കഴിക്കാന്‍ തരുമോ?” ഗുഹയിലകപ്പെട്ട കുട്ടികള്‍ മാതാപിതാക്കള്‍ക്ക് കത്തയച്ചു

രണ്ടാഴ്ചയായി തായ്‌ലാന്‍ഡിലെ ഗുഹയില്‍ കുടുങ്ങിക്കിടക്കുന്ന 12 ഫുട്‌ബോള്‍ താരങ്ങള്‍ അവരുടെ മാതാപിതാക്കള്‍ക്ക് കത്തയച്ചു. കുട്ടികള്‍ മാതാപിതാക്കള്‍ക്കയച്ച കത്തില്‍ ഹൃദയഭേദകമായ വരികള്‍. കത്ത് വായിച്ച മാതാപിതാക്കള്‍ ആശ്വാസത്തിലാണ്. തങ്ങള്‍ളുടെ മക്കള്‍ സുരക്ഷിതരാണെന്നറിഞ്ഞതിലുള്ള സന്തോഷം മാതാപിതാക്കളും പങ്കുവെച്ചു. പേപ്പറില്‍ സ്വന്തം കൈപ്പടയില്‍ കുട്ടികള്‍ എഴുതി അയച്ച കത്ത് സോഷ്യല്‍ മീഡിയയിലും വൈറലായി.
‘തങ്ങള്‍ ശക്തരാണെന്ന്’ ഒരു കുട്ടി കത്തില്‍ കുറിച്ചു. ‘അച്ഛനോടും അമ്മയോടും സഹോദരിയോടും ഒരുപാട് സ്‌നേഹം, നിങ്ങളെ കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍’ – മറ്റൊരു കുട്ടി കുറിച്ചു. മറ്റൊരു കത്തില്‍ ‘ടീച്ചറോട് കുറേ ഹോം വര്‍ക്ക് നല്‍കി ബുദ്ധിമുട്ടിക്കരുതെന്ന് പറയണ’മെന്നാണ് ഒരു കുട്ടി കുറിച്ചിരിക്കുന്നത്. ‘ഇവിടെ നിന്ന് പുറത്തിറങ്ങിയാല്‍ എനിക്ക് ഗ്രില്‍ഡ് പോര്‍ക്കിറച്ചിയും പച്ചക്കറിയും തരുമോ’ എന്നാണ് ഒരു കുട്ടി മാതാപിതാക്കളോട് ചോദിച്ചിരിക്കുന്നത്. തായ് നേവി സീല്‍ എന്ന ഫേസ്ബുക്ക് പേജിലൂടെ കുട്ടികളുടെ കൈപ്പടയിലുള്ള കത്ത് പങ്കുവെച്ചിട്ടുണ്ട്. കുട്ടികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ മാസം 23 നാണ് വടക്ക് തായ്‌ലന്‍ഡിലെ ചിയാങ് റായി പ്രവിശ്യയിലുള്ള താം ലുവാങ്ങ് ഗുഹയില്‍ പന്ത്രണ്ട് കുട്ടികളും അവരുടെ കോച്ചും അകപ്പെട്ടത്. ഗുഹയില്‍ അടപ്പെട്ട ഇവരെ ഒന്‍പത് ദിവസത്തിനുശേഷമാണ് ജീവനോടെ കണ്ടെത്തിയത്. പത്ത് കിലോമീറ്ററോളം നീളമുള്ള ഗുഹയില്‍ ഏത് ഭാഗത്താണ് ഇവരുള്ളതെന്ന് കണ്ടെത്താന്‍ ആദ്യം കഴിഞ്ഞിരുന്നില്ല. പിന്നീടുള്ള തിരിച്ചിലിലാണ് നാല് കിലോമീറ്റര്‍ ഉള്ളിലാണ് കുട്ടികളും കോച്ചും ഉള്ളതെന്ന് കണ്ടെത്താനായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here