ദിലീപിനെ പുറത്താക്കിയ നടപടി സംഘടനാചട്ടങ്ങൾക്ക് വിരുദ്ധമായിരുന്നു : മോഹൻലാൽ

ദിലീപിനെ പുറത്താക്കിയ നടപടി സംഘടനാചട്ടങ്ങൾ വിരുദ്ധമായിരുന്നുവെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ. ദിലീപിന്റെ പേരിൽ കേസ് വന്നപ്പോൾ അദ്ദേഹത്തെ ഫെഫ്ക പോലുള്ള നിരവധി സംഘടനകളിൽ നിന്ന് പുറത്താക്കിയെന്നും, അതോടെ താരസംഘടനായ അമ്മയ്ക്കും പെട്ടെന്നൊരു തീരുമാനമെടുക്കേണ്ടി വന്നുവെന്നും മോഹൻലാൽ പറയുന്നു. പിന്നീടാണ് ഒരു സംഘടനയിൽ നിന്നും അങ്ങനെ പെട്ടെന്ന് ഒരാളെ പുറത്താക്കാൻ പാടില്ലെന്നും, ജനറൽ ബോഡിയിൽ ചർച്ചയ്ക്കുവെച്ച ശേഷം അവരോട് അഭിപ്രായം ആരാഞ്ഞതിന് ശേഷം മാത്രമേ സംഘടനയിൽ നിന്ന് പുറത്താക്കാൻ സാധിക്കുകയുള്ളുവെന്നും മനസ്സിലാക്കുന്നത്.
അന്ന് അവൈലബിളായിരുന്ന സംഘടനാ അംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് ദിലീപിനെ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചത്. ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കിയതായി അദ്ദേഹത്തിന് കത്തോ അതുപോലെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല. അതുകൊണ്ടാണ് താരത്തെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയത്. പിന്നീട് ചേര്‍ന്ന യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ജനറല്‍ ബോഡി മീറ്റിംഗ് ചേര്‍ന്നപ്പോള്‍ ആരും എതിര്‍ത്തില്ല. എന്നാൽ ദിലീപ് സംഘടനയിലേക്ക് തിരിച്ചുവരുന്നില്ലെന്ന് പറഞ്ഞതിനാൽ ദിലീപ് നിലവിൽ സംഘടനയ്ക്ക് പുറത്തു തന്നെയാണ് തുടരുന്നത്.
ഡബ്ലിയുസിസി അംഗങ്ങൾ അയച്ച കത്തിൽ പരാമർശിച്ചിരിക്കുന്നത് പ്രകാരമുള്ള കാര്യങ്ങൾ എക്‌സിക്യൂട്ടീവ് യോഗത്തിൽ പരിഗണിക്കുമെന്നും മോഹൻലാൽ അറിയിച്ചു. ഇന്ന് ചേർന്നത് ഒരു എക്‌സിക്യൂട്ടീവ് യോഗമായി കണക്കാക്കാൻ സാധിക്കില്ലെന്നും ഈ മാസം അവസാനം എക്‌സിക്യൂട്ടീവ് യോഗം ചേരുമെന്നും മോഹൻലാൽ പറഞ്ഞു.
ഇരുപത്തിയഞ്ച് വർഷമായി അമ്മ എന്ന സംഘടന തുടങ്ങിയിട്ട്. ഇതിൽ ആദ്യമായാണ് അമ്മ ജനറൽ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാതിരുന്നത്. അമ്മ പ്രസിഡന്റ് എന്ന നിലയിലല്ലാതെ മോഹൻലാൽ എന്ന വ്യക്തി എന്ന നിലയിൽ അത് തെറ്റായി പോയി എന്ന് തോന്നുന്നുവെന്ന് മോഹൻലാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here