“ജലന്ധര്‍ ബിഷപ്പില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ നേരിട്ടതായി കന്യാസ്ത്രീ പറഞ്ഞിട്ടുണ്ട്”: പാലാ ബിഷപ്പിന്റെ മൊഴി
ജലന്ധര്‍ ബിഷപ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിന് കുരുക്ക് മുറുകുന്നു. കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ പാലാ ബിഷപ് മാര്‍. ജോസഫ് കല്ലറങ്ങാട്ടിലില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. ജലന്ധര്‍ ബിഷപില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായി പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞെന്ന് പാലാ ബിഷപിന്റെ മൊഴി. ഇക്കാര്യം കര്‍ദ്ദിനാളിനെ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചെന്നും ബിഷപ് ജോസഫ് കല്ലറങ്ങാട്ടില്‍ മൊഴി നല്‍കി. പാലാ ബിഷപ് ഹൗസിലെത്തിയാണ് അന്വേഷണസംഘം ഇന്ന് മൊഴിയെടുത്തത്.
കേസുമായി ബന്ധപ്പെട്ട് കുറുവിലങ്ങാട് പള്ളി വികാരിയില്‍ നിന്നും ഇന്ന് മൊഴിയെടുത്തേക്കും. പീഡനത്തിനിരയായ കന്യാസ്ത്രീ ആദ്യമേ ഇവരോടെല്ലാം ജലന്ധര്‍ ബിഷപിനെതിരായ പരാതി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് പാലാ ബിഷപ്, കുറുവിലങ്ങാട് പള്ളി വികാരി, കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി എന്നിവരില്‍ നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. കര്‍ദ്ദിനാളില്‍ നിന്ന് മൊഴിയെടുക്കാനായി അന്വേഷണസംഘം അനുമതി തേടിയിട്ടുണ്ട്.
അതേ സമയം, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ്റാര്‍ക്കും കൈമാറാന്‍ സാധിക്കില്ലെന്നും കോട്ടയം എസ്പി പറഞ്ഞു. കേരളത്തില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പഞ്ചാബ് പോലീസ് നേരത്തേ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കോട്ടയം എസ്പിയുടെ പ്രതികരണം.
നേരത്തെ, ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന് കാണിച്ച് കൊണ്ടുള്ള കന്യാസ്ത്രീയുടെ കത്ത് പുറത്ത് വന്നിരുന്നു. ജൂണ്‍ 23ന് മിഷിനറീസ് ഓഫ് ജീസസിന് കന്യാസ്ത്രീ നല്‍കിയ കത്താണ് പുറത്ത് വന്നത്. പരാതി പറഞ്ഞപ്പോള്‍ മദര്‍ ജനറല്‍ റജീന ബിഷപിനെ പിന്തുണച്ചെന്നും കത്തില്‍ ആരോപണമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here