കേരളത്തിൻ്റെ അഭിമാനം; ജി.വി രാജ സ്പോർട്സ് സ്കൂൾ തുടങ്ങിയിട്ട് 50 വർഷം

രാജ്യാന്തര കായിക മേളകളിൽ കേരളത്തിൻ്റെ പ്രാതിനിധ്യം കുറയുന്നു. ദേശീയ കായിക രംഗത്ത് ഇതര സംസ്ഥാനങ്ങള്‍ കുതിക്കുമ്പോള്‍ കേരളം കിതയ്ക്കുന്നു. അത് ഇന്നത്തെ അവസ്ഥ. പക്ഷേ, 1980കളിലും 90 കളിലും ദേശീയ, രാജ്യാന്തര കായികവേദികളില്‍ മലയാളി താരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അത്ലറ്റിക്സിൻ്റെ അക്ഷയഖനിയായി കേരളം എണ്ണപ്പെട്ടു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ വരെ കുതിപ്പ് തുടര്‍ന്നു.
കാല്‍ നൂറ്റാണ്ടിലേറെ നീണ്ട ആ കുതിപ്പിന് കാരണമായത് 1970 കളില്‍ നടപ്പിലായൊരു കായിക വിപ്ലവ പദ്ധതിയാണ്. അതിൻ്റെ അടയാളമായ ജി.വി.രാജാ സ്പോർട്സ് സ്കൂൾ തുടങ്ങിയിട്ട് 50 വർഷം തികഞ്ഞു.ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യർ ചെയര്‍മാനും മുന്‍ ഡി.ജി.പി. എം.കെ. ജോസഫ് സെക്രട്ടറിയുമായി 1970 ല്‍ രൂപവല്‍ക്കരിച്ച സ്‌പോര്‍ട്‌സ് വികസന കമ്മിഷന്‍ ആണ് കായിക വിപ്ലവത്തിനു തിരികൊളുത്തിയത്. ഈ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം 1975 ല്‍ തിരുവനന്തപുരത്ത് ആരംഭിച്ചതാണ് ജി.വി. രാജാ സ്‌പോര്‍ട്‌സ് സ്‌കൂൾ. കേരളത്തിൻ്റെ അഭിമാനമായ ജി.വി.രാജാ സ്കൂൾ സുവര്‍ണ ജൂബിലി നിറവില്‍ നില്‍ക്കെ ആദ്യ മൂന്നു ബാച്ചിലെ താരങ്ങളുടെ സംഘടന തങ്ങളുടെ വാര്‍ഷികം ഇക്കുറി ശ്രദ്ധേയമാക്കാന്‍ ഒരുങ്ങുന്നു.

രാജ്യാന്തര വോളിബോള്‍ താരവും കേരള സ്പോർട്‌സ് കൗൺസിൽ മുൻ സെക്രട്ടറിയുമായ അബ്ദുൽ റസാഖ് പ്രസിഡന്റായ ജി.വി. രാജാ സ്‌പോര്‍ട്‌സ് സ്‌ക്കൂള്‍ അലംനി അസോസിയേഷന്‍ അഞ്ചാം വാര്‍ഷികത്തോടൊപ്പം സുവര്‍ണ ജൂബിലി ആഘോഷവും നടത്തുന്നു. ഈ മാസം 13,14 തീയതികളില്‍ തൊടുപുഴ കരിങ്കുന്നം തോട്ടുങ്കല്‍ ഹില്‍ടോപ് റിസോര്‍ട്ടില്‍ നടക്കുന്ന ആഘോഷം രാജ്യാന്തര ബാഡ്മിന്റന്‍ താരം ജോര്‍ജ് തോമസ് ഉദ്ഘാടനം ചെയ്യും. എസ്. കുമാറാണ് സംഘടനയുടെ സെക്രട്ടറി. എ.ആര്‍. മുഹമ്മദ് റാഫി ട്രഷററും. കുമാറും റാഫിയും ഫുട്ബോൾ താരങ്ങളായി ശ്രദ്ധിക്കപ്പെട്ടവരാണ്. 1975 ജൂലൈയില്‍ ആണ് ജി.വി.രാജാ സ്‌പോര്‍ട്‌സ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്. ഔദ്യോഗിക ഉദ്ഘാടനം ഓഗസ്റ്റ് 11ന് അന്നത്തെ കേരളാ ഗവര്‍ണ്ണര്‍ എന്‍.എന്‍. വാഞ്ചു നിർവഹിച്ചു. ആദ്യ ബാച്ചില്‍ 60 ആണ്‍കുട്ടികളും 40 പെണ്‍കുട്ടികളും ഉണ്ടായിരുന്നു. പെൺകുട്ടികൾ ചേർന്നത് ഒരു വർഷം വൈകി 1976 ൽ ആണ്.കേരളത്തിൽ നിന്ന് ആകെ 30 പെൺകുട്ടികൾക്കാണ് സെലക്ഷൻ കിട്ടിയത്.അവർ മറ്റു സ്കുളുകളിൽ ചേർന്ന് ഏതാനും മാസം കഴിഞ്ഞാണ് ജി.വി.രാജയിൽ പെൺകുട്ടികളെ പ്രവേശിപ്പിച്ചത്.

വിവിധ സ്കൂളുകളിലായി ആറ് സ്‌പോര്‍ട്‌സ് ഡിവിഷനുകള്‍ കൂടി തുടങ്ങി. ഇതിൽ കോട്ടയത്തും കണ്ണൂരിലും പെൺകുട്ടികൾക്കു മാത്രമുള്ളതായിരുന്നു. ചിലരൊക്കെ അങ്ങോട്ടുമാറി. എന്നിട്ടും ജി.വി.രാജയിൽ ആദ്യ ബാച്ചിൽ 40 പെൺകുട്ടികൾ എത്തി. അതലറ്റിക്‌സ്, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ഫുട്‌ബോള്‍, ബാഡ്മിന്റന്‍, ഹോക്കി എന്നീ ഇനങ്ങളിലായിരുന്നു പരിശീലനം. എട്ടാം ക്ലാസിലായിരുന്നു പ്രവേശനം.
അബ്ദുൽ റസാഖിനു പുറമെ അന്‍വിന്‍ ജെ. ആന്റണി(ബാസ്‌ക്കറ്റ്‌ബോള്‍, ഉഷാകുമാരി തങ്കച്ചി, സുബൈദ, സ്‌റ്റെല്ല(ഹോക്കി), ഷെര്‍ലി വര്‍ഗീസ് (ഡോ. ഷെർലി ഫിലിപ് ) , ഏബ്രഹാം മാത്യു, ശശിധരന്‍ (അത്‌ലറ്റിക്‌സ്), ബിന്ദു രാജപ്പന്‍, ബ്രൈറ്റ്, സതി, അനില(ബാസ്‌ക്കറ്റ്‌ബോള്‍) തുടങ്ങിയവരൊക്കെ ആദ്യ ബാച്ചുകളില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തി. ഷൈനി ഏബ്രഹാം (വില്‍സന്‍), കോട്ടയം ഗാന്ധിനഗര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ നിര്‍ത്തിയപ്പോള്‍ ജി.വി. രാജായിലെത്തുകയായിരുന്നു. കെ.എം. ബീനാമോളും പി.ആര്‍. ശ്രീജേഷുമൊക്കെ ജി.വി.രാജാ സ്‌കൂളില്‍ നിന്ന് പിന്നീട് വളര്‍ന്ന് ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയവരാണ്. ആദ്യ മൂന്നു ബാച്ചുകളിലെ ഒട്ടേറെ താരങ്ങള്‍ ദേശീയ തലത്തില്‍ തിളങ്ങി, റയില്‍വേസിലും പോലീസിലും സര്‍വീസിലുമൊക്കെ ജോലി സ്വീകരിച്ചു. ചിലർ ബാങ്ക്, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി. എന്നിവിടങ്ങളിൽ എത്തി. ദേവദാസ്, ജോജി സേവ്യര്‍, ഷാഹിദ്(ബാഡ്മിന്റന്‍), ഫിലിപ് മാത്യു, എസ്. സേതു, കെ.എസ്. പ്രതാപ്, ബെന്നി പടവില്‍(ഹോക്കി), ബി.സുബൈര്‍, പി.സെഡ് ജേക്കബ്, കുരിയന്‍ ജോസഫ്, രാജീവ്, ഇക്ബാല്‍, കോയ, ഷാജി. പി. ജോണ്‍(ബാസ്‌ക്കറ്റ്‌ബോള്‍) തുടങ്ങിയ പേരുകള്‍, സംസ്ഥാന, സര്‍വകലാശാല തലങ്ങളില്‍ പിന്നീട് ശ്രദ്ധിക്കപ്പെട്ടു.
രാജന്‍ ജോസഫ്, മുഹമ്മദ് ബഷീര്‍, ഏബ്രഹാം മാത്യു, സുരേഷ് രാജ്, ഭദ്രകുമാര്‍, എസ്.എ.ചാക്കോ, കെ.രാജന്‍, ജോസ് തോമസ്, വി.സി.രാജു, ശശിധരന്‍, മാര്‍ട്ടിന്‍ മാത്യു, കൃഷ്ണദാസ്, മുരളി നമ്പ്യാര്‍, ജോജി ജോര്‍ജ്, മാത്തുക്കുട്ടി ആന്റണി, ജിജു സാമുവല്‍ തുടങ്ങിയവര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലും സണ്ണി തോമസ്, മാത്യു തോമസ്, ടോമി വര്‍ഗീസ്, കെ.കെ.ഷാജി, കെ.സി.വര്‍ഗീസ്, ബഷീര്‍, തോമസ് ജോര്‍ജ്, റജിന്‍ ജോസഫ്, പ്യാരിലാല്‍, പ്രശാന്തന്‍, ജോസ് വര്‍ഗീസ്, സണ്ണി, അരുണ്‍, ജോസ് തോമസ്, ലാല്‍ എബ്രഹാം, പ്രിന്‍സ് തുടങ്ങിയവര്‍ വോളിബോളിലും മികവുകാട്ടിയ ജി.വി.രാജയിലെ തുടക്കക്കാരാണ്.ആദ്യ മൂന്നു ബാച്ചുകാര്‍ മിക്കവരും ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചുകഴിഞ്ഞു. ചിലര്‍ പരിശീലകരുടെ റോളില്‍ തുടരുന്നു. മറ്റു ചിലര്‍ വെറ്ററന്‍സ് മീറ്റുകളില്‍ ഇപ്പോഴും സാന്നിധ്യം അറിയിക്കുന്നു. ഡോ. ഷെർലി ഫിലിപ്പ് ഒക്കെ വെറ്ററൻസ് മീറ്റിലും ചികിത്സാ രംഗത്തും സജീവം. ജി.വി.രാജാ സ്‌പോര്‍ട്‌സ് സ്‌കൂള്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ തീര്‍ച്ചയായും തുടക്കക്കാര്‍ക്ക് അഭിമാനിക്കാം, കാരണം അവർ കായിക കേരളത്തിന്റെ കുതിപ്പിന് തിരികൊളുത്തിയവരാണ്.
Story Highlights : 50 Glorious Years of G V Raja sports School
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here