‘ഓരൊറ്റ കളി മതി’…ദെഷാംപ്‌സ് ചരിത്രത്തില്‍ ഇടം പിടിക്കുമോ?

ചരിത്രം സ്വന്തമാക്കാന്‍ ഓരൊറ്റ കളി…ലുഷ്‌നിക്കി മൈതാനത്ത് ലോകകിരീടം ലക്ഷ്യം വെച്ച് ഫ്രഞ്ച് താരങ്ങള്‍ ബൂട്ടണിഞ്ഞ് ഇറങ്ങുമ്പോള്‍ സൈഡ് ബഞ്ചിലിരുന്ന് ദെഷാംപ്‌സ് മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയായിരിക്കും. കളിക്കാരനായും ടീം കോച്ചായും ലോകകിരീടത്തിന് അവകാശിയാകുക എന്ന നേട്ടമാണ് ഒരു കളിയകലെ ദേഷാംപ്‌സ് സ്വപ്‌നം കാണുന്നത്.
ഫ്രാന്‍സ് ലോകകിരീടം ചൂടിയ 1998 ല്‍ ദെഷാംപ്‌സ് ടീമിന്റെ നായകനായിരുന്നു. 2018 ഫൈനലിലേക്കെത്തുമ്പോള്‍ അദ്ദേഹം പരിശീലക വേഷത്തിലും. അത്യപൂര്‍വമായ നേട്ടമാണ് ദെഷാംപ്‌സിനെ കാത്തിരിക്കുന്നത്. “കളിക്കാരനായും കോച്ചായും ലോകകപ്പില്‍ മുത്തമിടുന്ന മൂന്നാം താരവും നായകനായും കോച്ചായും ലോകകപ്പില്‍ മുത്തമിടുന്ന രണ്ടാമത്തെ താരവും”…ഇന്ന് ഫ്രഞ്ച് ടീം കിരീടം ചൂടിയാല്‍ ലോകം ദെഷാംപ്‌സിനെ വിശേഷിപ്പിക്കുക ഇങ്ങനെയാകും.
ബ്രസീലിന്റെ മരിയോ സഗാലോയും ജര്‍മനിയുടെ ഫ്രാങ്ക് ബെക്കന്‍ബോവറുമാണ് സമാന നേട്ടം കൈവരിച്ചിട്ടുള്ള മുന്‍ താരങ്ങള്‍. 1974-ല്‍ കിരീടം ചൂടിയ പശ്ചിമ ജര്‍മനിയുടെ നായകനായിരുന്നു ഇതിഹാസ താരം ബെക്കന്‍ ബോവര്‍. 1990ല്‍ കപ്പുയര്‍ത്തിയ ജര്‍മനിയുടെ കോച്ചായിരുന്നതും ബെക്കന്‍ ബോവര്‍. നായകനായും കോച്ചായും ലോകകപ്പുയര്‍ത്തുകയെന്ന ചരിത്രനേട്ടം ലോക ഫുട്ബോളില്‍ ഇതുവരെ കുറിക്കപ്പെട്ടതും ബോവറിന്റെ പേരില്‍ മാത്രം. ഇന്ന് ഫൈനലിന് ഇറങ്ങുമ്പോള്‍ ആ ചരിത്ര നേട്ടത്തിന് ഒരു ജയം മാത്രം അകലെ നില്‍ക്കുകയാണ് ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്സ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here