മെട്രോ നഗരത്തിലെ റോഡ് കാളപൂട്ടിന് തയ്യാർ…!

സലീം മാലിക്ക്
കൊച്ചി നഗരത്തിലെ റോഡുകളുടെയും പൊതു ഇടങ്ങളുടേയും ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി 24 ന്യൂസ് നടത്തുന്ന അന്വേഷണം തുടരുന്നു
റോഡുകളുടെ ദയനീയാവസ്ഥ നഗരത്തിലെ ഒറ്റപ്പെട്ട കാഴ്ചയല്ല. വാഹനങ്ങൾ ചീറി പായുന്ന തിരക്ക് പിടിച്ച ഈ നഗരത്തിന്റെ ശാപമാണ് ഇവിടത്തെ പല റോഡുകളും. അന്വേഷണത്തിന്റെ ഭാഗമായി 24 ന്യൂസ് ഇന്ന് നടത്തുന്ന യാത്ര എം.ജി റോഡ് ജുവൽ ജംഗ്ഷനിൽ നിന്നും സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കാണ്. എം.ജി റോഡിൽ നിന്നും തിരിഞ്ഞ് “കഷ്ടിച്ച്” 200 മീറ്റർ പോയാൽ സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കുള്ള മുഖ്യ പാതയിലേക്കെത്താം. പക്ഷേ ആ 200 മീറ്റർ യാത്ര ശരിക്കും കഷ്ടിച്ച് തന്നെ പോകണം. നാളികേര വികസന ബോർഡ്, കശുവണ്ടി- കൊക്കോ വികസന ഡയറക്ടറേറ്റ് എന്നീ രണ്ട് കേരള-കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഈ വഴിക്കിടയിൽ പ്രവർത്തിക്കുന്നുമുണ്ട്.
കുറച്ചു ദിവസങ്ങളായി നിർത്താതെ പെയ്യുന്ന മഴയിൽ ഈ റോഡിന്റെ ഇരു വശത്തുമുള്ള ഓട നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്. റോഡിലെ ടാറാവട്ടെ മുൻപെങ്ങോ പൊളിഞ്ഞിളകിയതും. ഫലത്തിൽ മഴ കടുത്തതോടെ റോഡിൽ ചെളിയും വെള്ളവുമല്ലാതെ മറ്റൊന്നുമില്ല എന്ന അവസ്ഥയായി. ബൈക്ക് യാത്രികർക്ക് ഇത് വഴി കടന്ന് പോകണമെങ്കിൽ “മഡ് റേസ്” പഠിക്കാതെ തരമില്ല എന്ന അവസ്ഥയാണ് നിലവിലുള്ളത്. വീലിന്റെ പാതി ഭാഗം ചെളിയിൽ പുതഞ്ഞ് വേണം സാഹസികമായി ബൈക്ക് മറുകര കടത്താൻ. മഡ് റേസിൽ പ്രാവീണ്യമില്ലാത്ത ബൈക്ക് യാത്രികർക്ക് ഒന്നുകിൽ ചെളിയിൽ വീഴാൻ തയ്യാറായി യാത്ര ചെയ്യുക, അല്ലെങ്കിൽ മറ്റു വഴികൾ തിരഞ്ഞെടുക്കുക എന്നതാണ് ആശ്രയം.
യാത്രക്കാർക്ക് ബുദ്ധിമുട്ടാണെങ്കിലും ഇവിടെ ഒരു കാളപ്പൂട്ട് മത്സരം സംഘടിപ്പിച്ചാൽ ജോറാവും എന്നതിൽ സംശയമില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here