കാലവർഷ കെടുതിയിൽ ഇന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഒമ്പത്

കാലവർഷ കെടുതിയിൽ ഇന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഒമ്പതായി. ഇതിൽ രണ്ട് പേർ മരിച്ചത് കൊല്ലം ജില്ലയിലാണ്. മുറിച്ച മാറ്റിയ മരം വീണ് ചവറ സ്വദേശി ബെനഡിക്റ്റും, ഷോക്കേറ്റ് തേവലക്കര സ്വദേശി അനൂപുമാണ് കൊല്ലത്ത് മരിച്ചത്. മലപ്പുറത്ത് കാഞ്ഞിയൂർ കുളത്തിൽ വീണ് കിഴിഞ്ഞാലിൽ സ്വദേശി അബ്ദുൾ റഹീമിന്റെ മകൻ അദ്നാൻ മരിച്ചിരുന്നു. കണ്ണൂരിൽ കരിയാട് തോട്ടിൽ വീണ് പാർത്തുംവലിയത്ത് നാണി മരിച്ചു. വയനാട് പേരിയ മുപ്പത്തെട്ടാം മൈലിൽ തോട്ടിൽ കാണാതായ ഏഴുവയസുകാരൻ അജ്മൽ മരിച്ചു. കോട്ടയത്ത് മണിമലയാറ്റിൽ മധ്യവയസ്കൻ മുങ്ങി മരിച്ചിരുന്നു. ചെറുവള്ളി സ്വദേശി ശിവൻകുട്ടിയാണ് മരിച്ചത്. മഴ കാരണം ചികിത്സ ലഭിക്കാൻ വൈകിയത് കാരണം വെള്ളാരം കുത്ത് ആദിവാസി കോളനിയിലെ ടോമിയും ഇന്ന് മരിച്ചു.
രാവിലെ മുതൽ കനത്ത മഴ പെയ്ത എറണാകുളം അടക്കമുള്ള ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം മഴ അൽപം ശമിച്ചിരുന്നു. അതേസമയം
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60-70 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറയിപ്പ് നൽകിയിട്ടുണ്ട്. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യത.
മത്സ്യത്തൊഴിലാളികള്‍ കേരള, ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മധ്യഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധനത്തിന് പോകരുത്. ഈ മുന്നറിയിപ്പ് ഇന്ന് (16/07/2018) ഉച്ചക്ക് രണ്ട് മണിമുതല്‍ അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കും.
കാറ്റിനൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 7 മുതൽ 11 സെമി അല്ലെങ്കിൽ 12-20 സെമി മഴ ലഭിക്കുമെന്നാണ് വിവരം. നാളെ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. 18, 19 തിയതികളിൽ ഒന്നോ രണ്ടോ സ്ഥലത്ത് കനത്ത് മഴയും 20ന് ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായുള്ള കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇതുവരെ എട്ട് കോടിയുടെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി സ്ഥിരീകരണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് റവന്യു മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത്. മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തൊട്ടാകെ 2500 ലേറെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here