ഇടുക്കി ഡാമിൽ 33വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പ്

തോരാതെ പെയ്യുന്ന മഴയിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് സർവ്വകാല റെക്കോർഡിലേക്ക്. കഴിഞ്ഞ 33 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് ഇപ്പോൾ ഇടുക്കി ഡാമിൽ. 2,375.52 അടി വെള്ളമുണ്ട് ഇപ്പോൾ ഇടുക്കയിൽ. ഇത് സംഭരണ ശേഷിയുടെ 66 ശതമാനമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 57 അടി കൂടുതൽ വെള്ളം ഡാമിലുണ്ട്. 2403 അടിയാണ‌് അണക്കെട്ടിന്‍റെ ആകെ സംഭരണശേഷി.
തോരാതെ പെയ്യുന്ന മഴയ്ക്ക് പുറമെ വേനൽക്കാലത്തേക്കുള്ള കരുതലായി വൈദ്യുതോൽപാദനം കുറച്ചതും ജലനിരപ്പ് ഉയരുന്നതിന് കാണമായിട്ടുണ്ട്. ഷട്ടർ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ എടുക്കേണ്ട മുൻ കരുതലുകളെ കുറിച്ച് അധികൃതർ ചർച്ച നടത്തിയിട്ടുണ്ട്. ഇടുക്കി ഡാമിന് പുറമെ ഇടുക്കി ജില്ലയിലെ രാമസ്വാമി ഹെഡ‌്‌വർക്ക‌്സ‌് ഡാം, കല്ലാർ, കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളിലും ജലനിരപ്പ് ഉയർന്നു. ഇവിടുത്തെ ഡാമുകൾ തുറന്നിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് താമസിക്കുന്നവർക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് കഴിഞ്ഞ ദിവസം 130.2 അടിയായി ഉയർന്നിരുന്നു. ഇതോടെ ഡാമിൽ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോതും വര്‍ധിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here