മഴക്കെടുതി: ജില്ലയിലാകെ 49 ക്യാമ്പുകളിലായി 5099 പേര്‍

rain

മഴക്കെടുതി ബാധിതമേഖലകളിലെ 49 ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നവരുടെ എണ്ണം – 5099. ചില സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ നിര്‍ത്തിയെങ്കിലും മറ്റിടങ്ങളില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പുതിയ ക്യാമ്പുകള്‍ തുറക്കേണ്ടി വന്നു. മഴ ശമിക്കുകയാണെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ ക്യാമ്പുകള്‍ നിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.

ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് പറവൂര്‍ താലൂക്കിലാണ് – 19. ഏലൂര്‍, കരുമാല്ലൂര്‍, കോട്ടുവള്ളി, കുന്നുകര, ആലങ്ങാട്, പുത്തന്‍വേലിക്കര എന്നിവിടങ്ങളിലെ ക്യാമ്പുകളിലായി കഴിയുന്നത് 2495 പേര്‍. കൊച്ചി താലൂക്കില്‍ ചെല്ലാനത്തെ രണ്ട് ക്യാമ്പുകളിലും എളങ്കുന്നപ്പുഴയിലെ ഒരു ക്യാമ്പിലുമായി തുടരുന്നവരുടെ എണ്ണം 912. മൂവാറ്റുപുഴ താലൂക്കില്‍ 09 ക്യാമ്പുകളാണുള്ളത്. മാറാടി, പിറവം, തിരുമാറാടി, വാളകം, മൂവാറ്റുപുഴ എന്നിവിടങ്ങളിലായി തുടരുന്ന ക്യാമ്പുകളില്‍ 572 പേര്‍ താമസിക്കുന്നു. കോതമംഗലത്തെ ക്യാമ്പില്‍ 118 പേരെ താമസിപ്പിച്ചിട്ടുണ്ട്.

കണയന്നൂര്‍ താലൂക്കില്‍ 12 ക്യാമ്പുകള്‍ നിലവിലുണ്ട്. ഇടപ്പള്ളി കുന്നുംപുറം, വെണ്ണല, കമ്മട്ടിപ്പാടം, ഇരുമ്പനം, കളമശ്ശേരി വിടാക്കുഴ, എച്ച്എംടി കോളനി, തുതിയൂര്‍, തൃപ്പൂണിത്തുറ മേക്കര, തോണ്ടൂര്‍, പാമ്പാടിത്താഴം, ആമ്പല്ലൂര്‍ പാറക്കരി എന്നിവിടങ്ങളിലെ ദുരിതബാധിത മേഖലകളില്‍ നിന്നുള്ളവര്‍ക്കായി തുറന്നിട്ടുള്ള ക്യാമ്പുകളില്‍ 546 പേരാണുള്ളത്. ആലുവയില്‍ ചെങ്ങമനാട്, നെടുമ്പാശ്ശേരി, പാറക്കടവ് പഞ്ചായത്തുകളിലായി തുറന്നിട്ടുള്ള നാല് ക്യാമ്പുകളില്‍ 412 പേരും തുടരുന്നു. കുന്നത്തുനാട് താലൂക്കില്‍ പൂതൃക്ക പഞ്ചായത്തിലെ കറുകപ്പള്ളി എല്‍.പി സ്‌കൂളിലെ ക്യാമ്പിലുണ്ടായിരുന്ന 44 പേര്‍ ഇന്നലെ വൈകുന്നേരത്തോടെ വീടുകളിലേക്ക് മടങ്ങി.

തഹസില്‍ദാര്‍മാരുടെയും വില്ലേജ് ഓഫീസര്‍മാരുടെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടര്‍ പി.ഡി. ഷീലാദേവിക്കാണ് ഏകോപനച്ചുമതല. വൈദ്യസഹായം നല്‍കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ ജില്ലാ സപ്ലൈ ഓഫീസും ആവശ്യത്തിന് ജീവനക്കാരെ ക്യാമ്പുകളില്‍സ നിയോഗിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഇന്നലെയും വിവിധ സ്ഥലങ്ങളിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top