Advertisement

ഇതുകൊണ്ട് ഭക്ഷണം കഴിക്കാം ശേഷം കടിച്ചു തിന്നാം ! ‘എഡിബിൾ കട്‌ലറി’ എന്ന ആശയത്തിന് പിന്നിൽ ഈ മനുഷ്യനാണ്

July 19, 2018
1 minute Read

ഫാസ്റ്റഫുഡുകളുടെ കാലത്താണ് നാം ജീവിക്കുന്നത്. വഴിയോര കച്ചവക്കാരിൽ നിന്നും ടേക്ക് അവേകളിൽ നിന്നുമെല്ലാം നാം ഭക്ഷണം വാങ്ങുമ്പോൾ പ്ലാസ്റ്റിക് പാത്രങ്ങളും പ്ലാസ്റ്റിക് സ്പൂണുമെല്ലാം നമുക്ക് കിട്ടും. നിലവാരം കുറഞ്ഞ പ്ലാസ്റ്റിക്കാണെന്ന് നമുക്കറിയാമെങ്കിലും അൽപ്പനേരത്തേക്കല്ലേ എന്നാശ്വസിച്ച് നാം കണ്ണടക്കും. എന്നാൽ ഇതുയർത്തുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ചെറുതല്ല. ഈ തിരിച്ചറിവാണ് ‘എഡിബിൾ കട്‌ലറി’ എന്ന ആശയത്തിലേക്ക് നാരായണ പീശാപതി എന്ന നാൽപ്പത്തിയെട്ടുകാരനെ എത്തിച്ചത്.

യാത്രചെയ്യുമ്പോഴെല്ലാം പ്ലാസ്റ്റിക് പാത്രങ്ങളും മറ്റും ഉപയോഗിക്കേണ്ടി വരുന്നതിൽ നാരണയയ്ക്ക് അതിയായ വിഷമമായിരുന്നു. ഇതുകൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ മാത്രമല്ല പ്ലാസ്റ്റിക് വേസ്റ്റുകൾ കുമിഞ്ഞ് കൂടുന്ന ഭൂമിയുടെ അവസ്ഥ ആലോചിച്ചിട്ടു കൂടിയായിരുന്നു  ഇത്.  എന്താണ് ഇതിനൊരു പ്രതിവിധി. ഈ ചിന്തയിൽ നിന്നാണ് ആദ്യത്തെ ചുവടുവെക്കുന്നത്.

‘എഡിബിൾ കട്‌ലറി’ എന്ന ആശയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് നാരായണ നടത്തുന്നത് 2010 ൽ. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബേക്കീസ് മാനുഫാക്‌ചേഴ്‌സിൽ പല രൂപത്തിലും വലുപ്പത്തിലുമുള്ള സ്പൂണും ചോപ്സ്റ്റിക്കുകളുമെല്ലാം നിർമ്മിച്ചുതുടങ്ങി.

ജോവാർ, അരി, ഗോതമ്പ് പൊടി എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് ഇത്തരം സ്പൂണുകളുടെ നിർമ്മാണം. ഭക്ഷ്യവസ്തുക്കളാലാണ് ഉണ്ടാക്കുന്നതെങ്കിലും, വെള്ളം, കറി തുടങ്ങിയവൽ മുങ്ങി കിടന്നാലും  ഈ സ്പൂൺ അലിയുകയോ അടർന്നു പോവുകയോ ഇല്ല. പതിനഞ്ച് മിനിറ്റ് കഴിഞ്ഞാൽ മാത്രമേ ഇത്തരം സ്പൂണുകൾ സോഫ്റ്റാവുകയുള്ളു. അതായത് ഭക്ഷണം കഴിയുമ്പോഴേക്കും സ്പൂൺ ‘കഴിക്കാൻ’ പാകത്തിന് മാർദ്ദവമുള്ളതാകും ! ഇനി സ്പൂൺ കളഞ്ഞാൽ തന്നെയും 5-6 ദിവസത്തിനുള്ള ദ്രവിച്ച് മണ്ണിലേക്ക് അലിഞ്ഞ് ചേരും. വേസ്റ്റ് ഉണ്ടാകുന്നില്ലെന്ന് ചുരുക്കം.

എഡിബിൾ കട്‌ലറിയിലേക്ക് കടക്കുന്നതിന് മുമ്പ് ഇന്റേണൽ ക്രോപ്പ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെമി അരിഡ് ട്രോപിക്‌സിലെ ഗവേഷകനായിരുന്നു നാരായണ. ഭൂഗർഭ ജലം കുറയാനുള്ള കാരണത്തെ കുറിച്ച് ഗവേഷണം നടത്തുകയായിരുന്നു അദ്ദേഹം. അങ്ങനെയാണ് നെല്ല് കുറക്കുകയും വരണ്ട വിളകളായ ജോവാർ പോലുള്ളവ അധികമായി നട്ടുപിടിപ്പിക്കുന്നത് ഭൂഗർഭജലത്തെ സന്തുലിതാവസ്ഥയിൽ എത്തിക്കുമെന്ന് കണ്ടെത്തുന്നത്. അതുകൊണ്ടാണ് എഡിബിൾ കട്‌ലറിയുടെ നിർമ്മാണത്തിന് ജോവാറും ഉപയോഗിക്കുന്നത്.

ലോകത്ത് വെച്ചുതന്നെ നൂതന ആശയമായതുകൊണ്ട് ഇത്തരം വസ്തുക്കളുണ്ടാക്കാനുള്ള സാമഗ്രികളൊന്നും നിലവിലില്ലായിരുന്നു. ഗവേഷണത്തിലൂടെയും പഠനത്തിലൂടെയുമാണ് ഇതിന് ആവശ്യമായതെന്തൊക്കെയെന്ന് നാരായാണ കണ്ടെത്തുന്നത്. എഡിബിൾ കട്‌ലറി ഉണ്ടാക്കാനുള്ള പ്രോട്ടോടൈപ്പ് മെഷീനിനായി 60 ലക്ഷമാണ് നാരായണ ചിലവഴിച്ചത്. ഇതിനായി തന്റെ രണ്ട് വീട് വിൽക്കേണ്ടി വന്നു അദ്ദേഹത്തിന്.

നിർമ്മാണത്തേക്കാൾ കൂടുതൽ നാരായണയ്ക്ക് വെല്ലുവിളിയായി തോന്നിയത് ഇത് ജനങ്ങളിലേക്ക് എത്തിക്കുന്നതായിരുന്നു. പ്ലാസ്റ്റിക് ഉപയോഗിച്ച് ശീലിച്ച ജനത്തെ എങ്ങനെ ഇതിലേക്ക് കൊണ്ടുവരും. പ്ലാസ്റ്റികിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ജനങ്ങളെ ബോധാവാന്മാരാക്കുകയായിരുന്നു ആദ്യ പടി.

ഒടുവിൽ ശ്രമങ്ങളെല്ലാം ഫലം കണ്ടും. നിരവധി പേരാണ് ഈ സ്പൂണുകൾ തേടി ഇന്ന് നാരായണയുടെ ബേക്കീസ്.കോം എന്ന വെബ്‌സൈറ്റിൽ എത്തുന്നത്. നൂറ് പ്ലെയിൻ സ്പൂണുകൾ അടങ്ങുന്ന പായ്ക്കറ്റിന് 400 രൂപയാണ് വില. ഇന്ന് ഇന്ത്യയിൽ മാത്രമല്ല, യുകെ, യുഎസ് എന്നിവിടങ്ങളിൽ നിന്നും സ്പൂണും ചോപ്സ്റ്റിക്കുകളും തേടി ഓർഡറുകൾ എത്താറുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top