സഭയില്‍ അവിശ്വാസ പ്രമേയം; മോദി സര്‍ക്കാരിന് പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നറിയിപ്പ്

അവിശ്വാസ പ്രമേയം കേന്ദ്ര സര്‍ക്കാരിനെ സീറ്റുകളുടെ കണക്കില്‍ പരാജയപ്പെടുത്തില്ലെങ്കിലും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മോദി സര്‍ക്കാരിനെതിരെ ഒന്നിച്ചുനില്‍ക്കാനുള്ള ഊര്‍ജ്ജം നല്‍കും. പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ടാല്‍ അത് മോദി പ്രഭാവത്തിന് മങ്ങലേല്‍പ്പിക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

കേന്ദ്ര സര്‍ക്കാരിനെതിരെ തെലുങ്ക് ദേശം പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നടക്കുകയാണ്. ലോക്‌സഭയില്‍ ഒരു മണിക്കൂര്‍ പിന്നിട്ട ചര്‍ച്ചയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോജിപ്പാണ് ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് വൈകീട്ട് ആറിന് നടക്കുമെന്നാണ് സ്പീക്കര്‍ സുമിത്രാ മഹാജന്‍ സഭയില്‍ അറിയിച്ചിരിക്കുന്നത്. അവിശ്വാസ പ്രമേയം ടിഡിപി എംപി ടി.എസ് ശ്രീനിവാസനാണ് അവതരിപ്പിച്ചത്. ഈ സഭയില്‍ അവിശ്വാസ പ്രമേയം രേഖപ്പെടുത്തുന്നു എന്ന ഒറ്റവരി പ്രമേയമാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

തുടര്‍ന്ന് ഗുണ്ടൂരിലെ ടിഡിപി എംപി ജയ്‌ദേവ് ഗല്ല നോട്ടീസിനെ പിന്തുണച്ച് സംസാരിക്കാന്‍ ആരംഭിച്ചു. ഭൂരിപക്ഷത്തിനും ധാര്‍മികതയ്ക്കുമെതിരെയാണ് ബലപരീക്ഷണം നടക്കുന്നതെന്ന് ജയ്‌ദേവ് ഗല്ല ലോക്‌സഭയില്‍ പറഞ്ഞു. ആന്ധ്രാപ്രദേശിനോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് ടിഡിപി എംപി ആരോപിച്ചു. ആന്ധ്രയോട് നരേന്ദ്ര മോദി നടത്തിയ വാഗ്ദാന ലംഘനങ്ങള്‍ അക്കമിട്ട് പറഞ്ഞാണ് ഗല്ല ലോക്‌സഭയില്‍ സംസാരിക്കുന്നത്. ആന്ധ്രയ്ക്ക് നല്‍കിയ എല്ലാ ഉറപ്പുകളും ലംഘിച്ച മോദി ജനങ്ങളെ വഞ്ചിച്ചുവെന്നും ഗല്ല നോട്ടീസിനെ പിന്തുണച്ച് പറയുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top