മഴ ശമിച്ചു, ക്യാമ്പുകള്‍ നിര്‍ത്തുന്നു; ശുചീകരണം ഊര്‍ജിതം

ജില്ലയില്‍ മഴ ശമിച്ചു. പുഴയിലേയും സമീപപ്രദേശങ്ങളിലെയും ജലനിരപ്പ് താഴ്ന്നതോടെ പല ദുരിതാശ്വാസക്യാമ്പുകളില്‍ നിന്നും ജനങ്ങള്‍ തിരികെപ്പോയി. മഴ പൂര്‍ണമായും ശമിക്കുന്നതോടെ ദുരിതാശ്വാസക്യാമ്പുകള്‍ നിര്‍ത്താനുള്ള പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.
പറവൂര്‍, കണയന്നൂര്‍, ആലുവ താലൂക്കുകളിലായി 26 ദുരിതാശ്വാസക്യാമ്പുകള്‍ മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുളളൂ. 674 കുടുംബങ്ങളിലായി 2489 പേരാണ് ഇപ്പോള്‍ ക്യാമ്പുകളിലുള്ളത്. പറവൂര്‍ താലൂക്കില്‍ 14 ക്യാമ്പുകളിലായി 467 കുടുംബങ്ങളിലെ 1790 അംഗങ്ങളാണുള്ളത്. കണയന്നൂര്‍ താലൂക്കില്‍ 120 കുടുംബങ്ങളിലെ 438 അംഗങ്ങളാണ് പത്ത് ക്യാമ്പുകളിലായുള്ളത്. ആലുവ താലൂക്കില്‍ 87 കുടുംബങ്ങളിലെ 261 പേര്‍ രണ്ടു ക്യാമ്പുകളിലായി കഴിയുന്നു.

പൂവത്തുശ്ശേരി സെന്റ് ജോസഫ് എച്ച് എസ്, വട്ടപ്പറമ്പ് ഗവ എല്‍പിഎസ് എന്നിവിടങ്ങളിലാണ് ആലുവ താലൂക്കില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഏലൂര്‍ ഗവ എല്‍പി സ്‌കൂള്‍, പാതാളം മുനിസിപ്പാലിറ്റി കെട്ടിടം, കുറ്റിക്കാട്ടുകര ഗവ എല്‍പി സ്‌കൂള്‍, കടുങ്ങല്ലൂര്‍ വില്ലേജിലെ ഐഎസി യൂണിയന്‍ കെട്ടിടം, മനക്കപ്പടി ഗവ എല്‍പി സ്‌കൂള്‍, വെളിയത്തുനാട് എംഐ യൂപി സ്‌കൂള്‍, കൂനമ്മാവ് സെന്റ് ഫിലോമിന സ്‌കൂള്‍, കൈതാരം എച്ച് എസ് എസ്, കുന്നുകര വില്ലേജിലെ സ്ത്രീ ശാക്തീകരം കെട്ടിടം, തിരുവല്ലൂര്‍ ഗവ എല്‍പി സ്‌കൂള്‍, കൊടുവഴങ്ങ എസ്എന്‍ എല്‍പി സ്‌കൂള്‍, കുത്തിയത്തോട് സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍, ചാലാക്ക ഗവ എല്‍പി സ്‌കൂള്‍, ചാലാക്ക സെന്റ് സെബാസ്റ്റ്യന്‍ ചാപ്പല്‍ എന്നിവയാണ് പറവൂര്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍.

കുന്നുപുറം ഗവ എച്ച്എസ്എസ്, വെണ്ണല ഗവ എച്ച്എസ്, ഇരുമ്പനം ഭാസ്‌കരന്‍ കമ്യൂണിറ്റി ഹാള്‍, ചേറത്തു കോളനി നവഭാരത ക്‌ളബ്ബ്, തൃക്കാക്കര വില്ലേജ് എകെജി കോളനിയിലെ അങ്കണവാടി, തുതിയൂര്‍ സെന്റ് മേരീസ് യൂപി സ്‌കൂള്‍, മേക്കര അങ്കണവാടി നമ്പര്‍ 79, തോടൂര്‍ കെഎംഎല്‍പി സ്‌കൂള്‍, എരൂര്‍ പകല്‍വീട്, കീച്ചേരി ഗവ എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് കണയന്നൂര്‍ താലൂക്കിലെ ക്യാമ്പുകള്‍.

ക്യാമ്പുകളില്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റവന്യൂ, ആരോഗ്യവകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അപ്പപ്പോള്‍ തന്നെ നല്‍കുകയും ചെയ്യുന്നുണ്ട്.
രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കിക്കഴിഞ്ഞു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, നാടോടികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും.

ഡെങ്കിപ്പനി, കോളറ, ജലജന്യരോഗങ്ങളായ വയറിളക്കം, മഞ്ഞപിത്തം, എലിപനി, ടൈഫോയ്ഡ് എന്നീ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നുണ്ട്. വെള്ളക്കെട്ടിന് ശേഷമുള്ള രോഗ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വിദഗ്ദ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top