‘കഷ്ടപ്പെട്ട് അധ്വാനിച്ച പണം കൊണ്ട് വാങ്ങിയ മോതിരമാണ്; എനിക്കും ആഗ്രഹങ്ങളുണ്ടാകില്ലേ ? ഹനാൻ ചോദിക്കുന്നു; വീഡിയോ

ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയയിലെ താരമായ വ്യക്തിയാണ് ഹനാൻ എന്ന വിദ്യാർത്ഥി. യൂണിഫോമിൽ മീൻ വിൽക്കുന്ന കുട്ടിയുടെ ചിത്രം പത്രത്തിൽ വന്നതോടെയാണ് ഹനാൻ പ്രശസ്തയാകുന്നത്. പ്രതിസന്ധികകളിൽ തളരാതെ പൊരുതിയവൾ, അതിജീവിച്ചവൾ തുടങ്ങിയ വാക്കുകളാൽ ഹനാനെ പ്രശംസിച്ച അതേ ലോകം എന്നാൽ വളരെ പെട്ടെന്നാണ് ഹനാന് എതിരാവുന്നത്. അവൾ ക്യാമറയ്ക്ക് മുന്നിൽ കരഞ്ഞില്ല, തന്റെ ജീവിതത്തിലെ ദുരിതങ്ങൾ എണ്ണി പറഞ്ഞ് മനസ്സ് വിങ്ങിയപ്പോഴും ശബ്ദം ഇടറിയിട്ടും ചിരിച്ചുകൊണ്ട് പിടിച്ചുനിന്നു; തലയിൽ തട്ടമിട്ടില്ല, അവൾ കൈയ്യിൽ ഗ്ലൗസ് ധരിച്ചാണ് മീൻ വിറ്റിരുന്നത്, കൈയ്യിൽ സ്വർണ മോതിരവും ! ഇതിനെല്ലാം പുറമെ ഫേസ്ബുക്കിൽ നല്ല ഡബ്‌സ്മാഷുകൾ, ചിത്രങ്ങൾ….. ഇതെല്ലാമാണ് ഹനാനെ വെറുക്കാനും ആക്ഷേപിക്കാനും കാരണമായി സോഷ്യൽമീഡിയ നിരത്തിയ കാരണങ്ങൾ. കൈയ്യിൽ ഒരു സ്വർണ മോതിരം ധരിക്കുകയും, ഡബ്‌സ്മാഷ് ചെയ്യുകയും ചെയ്യുന്ന ഹനാനനെയായിരുന്നില്ല ‘അതിജീവിച്ചവൾ’ എന്ന ലേബലിൽ സോഷ്യൽമീഡിയയ്ക്ക് വേണ്ടിയിരുന്നത്.
എന്നാൽ ഹനാൻ ചോദിക്കുന്നു… തനിക്കും ആഗ്രഹങ്ങളുണ്ടാകില്ലേ ? കഷ്ടപ്പെട്ട് അധ്വാനിച്ച പണം കൊണ്ടാണ് തന്റെ ചെറിയ ആഗ്രഹങ്ങൾ താൻ നിറവേറ്റുന്നത്. ഇവന്റുകളിൽ ആങ്കറായും,
ഫ്‌ളവർ ഗേളായുമെല്ലാം പോയി കിട്ടുന്ന പണത്തിൽ നിന്നും ഓരോ ദിവസവും ആയിരം രൂപ കൂട്ടിവെച്ചാണ് ഒരു മോതിരം വാങ്ങുന്നത്. അത്തരം പരിപാടികൾക്ക് പോകുമ്പോൾ കിട്ടുന്ന വസ്ത്രം ധരിച്ച ചിത്രങ്ങളാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഹനാൻ പറഞ്ഞു. ഹനാൻ പഠിക്കുന്ന അൽ അസർ ഡെന്റൽ കോളേജ് ഡയറക്ടറായ പൈജാസ് മൂസയാണ് ഇന്ന് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഹനാനെ ലൈവിലെത്തിച്ച് ഇക്കാര്യങ്ങൾ പറയാൻ അവസരമൊരുക്കിയത്.
വീഡിയോ :
പണ്ടത്തെ പോലെ ആങ്കറിങ്ങ് ജോലികളും ലഭിക്കാതിരുന്നതോടെയാണ് ഹനാൻ മീൻ കച്ചവടത്തിലേക്ക് തിരിയുന്നത്. ആദ്യം കളമശ്ശേരി പൈപ്പ്‌ലൈനിലാണ് ഹനാൻ കച്ചവടം ചെയ്തിരുന്നത്. ബാബു എന്ന വ്യക്തിയുടെ കൂടെയാണ് ആദ്യ ഹനാൻ മീനെടുക്കാൻ പോയിരുന്നത്. ചമ്പക്കര, വരാപ്പുഴ എന്നിവിടങ്ങളിലെല്ലാം മീൻ എടുക്കാൻ ഹനാൻ പോയിരുന്നു. മീൻ മാർക്കറ്റിൽ ഒരാൾ ഹനാനോട് മോശമായി പെരുമാറിയതോടെയാണ് ഹനാൻ തമ്മനത്തേക്ക് പോകുന്നത്. കച്ചവടം ചെയ്യാൻ സ്ഥലം അന്വേഷിച്ച് നടക്കുന്നതിനിടെയാണ് വൈറ്റിലയിൽ പച്ചക്കറിക്കട നടത്തുന്ന ഒരു വ്യക്തി ഹനാനോട് തമ്മനത്തേക്ക് പോകാൻ ഉപദേശിക്കുന്നത്. തമ്മനത്തെത്തിയ ഹനാന് പൂർണ്ണ പിന്തുണ നൽകി അവിടുത്തെ കച്ചവടക്കാർ. തിങ്കൾ മുതൽ മൂന്ന് ദിവസങ്ങളായി തമ്മനത്ത് കച്ചവടം ചെയ്തു വരികയാണ് ഈ പെൺകുട്ടി. ഇനിയും അവിടെ
കച്ചവടെ ചെയ്യാൻ വരുമെന്നും ഹനാൻ ലൈവിൽ പറയുന്നു.
തനിക്ക് സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തയാകേണ്ടെന്നും, ജീവിക്കാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്നും ഹനാൻ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here